You are currently viewing ഒന്നാം അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി: വിവരാവകാശ കമ്മീഷണർ

ഒന്നാം അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കണം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി: വിവരാവകാശ കമ്മീഷണർ

കൊല്ലം: വിവരാവകാശ നിയമപ്രകാരം സമർപ്പിക്കുന്ന ഒന്നാം അപ്പീലുകൾ സമയബന്ധിതമായി തീർപ്പാക്കി അപേക്ഷകർക്ക് മറുപടി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്യുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി.കെ. രാമകൃഷ്ണൻ. കൊല്ലം ടൗൺ ഹാൾ അനക്‌സിൽ നടന്ന വിവരാവകാശ കമ്മീഷൻ ഹിയറിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപേക്ഷകന് വിവരം ലഭിക്കാത്ത സാഹചര്യത്തിൽ സമർപ്പിക്കുന്ന ഒന്നാം അപ്പീലുകൾ കൃത്യതയോടെയും കാര്യക്ഷമമായും പരിഗണിച്ച് മറുപടി നൽകേണ്ടത് ഒന്നാം അപ്പീൽ അധികാരിയുടെ നിയമപരമായ ബാധ്യതയാണ്. അപേക്ഷകന് ആവശ്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിൽ അത് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വവും അപ്പീൽ അധികാരിക്കുണ്ട്.

ഒന്നാം അപ്പീലുകൾ കാര്യക്ഷമമായി തീർപ്പാക്കുന്നതിലൂടെ വിവരാവകാശ കമ്മീഷനിലെത്തുന്ന രണ്ടാം അപ്പീലുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് കമ്മീഷണർ പറഞ്ഞു. അപ്പീൽ അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിച്ച് പൊതുവിവരാവകാശ ഓഫീസർമാർ അപേക്ഷകർക്ക് ആവശ്യമായ വിവരങ്ങൾ നൽകണം. തെറ്റായ വിവരങ്ങൾ നൽകരുതെന്നും അദ്ദേഹം നിർദേശിച്ചു.

‘വിവരങ്ങൾ ലഭ്യമല്ല’ എന്ന മറുപടി അംഗീകരിക്കാനാകില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. രേഖകളും ഫയലുകളും കൃത്യമായി വർഗീകരിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയും ആവശ്യമായ സമയത്ത് എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യേണ്ടത് വിവരാവകാശ നിയമത്തിലെ വകുപ്പ് 4 പ്രകാരം പൊതുഅധികാരികളുടെ ഉത്തരവാദിത്വമാണ്.

അതേസമയം, ഒരേ വിഷയത്തിൽ തന്നെ നിരവധി വിവരാവകാശ അപേക്ഷകളും അപ്പീലുകളും സമർപ്പിക്കുന്നത് നിയമത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായ വിവരങ്ങൾ നൽകാതിരുന്ന ഡി.എം.ഒ ഓഫീസിലെയും കുരീപ്പുഴ ഗവ. യു.പി. സ്കൂളിലെയും പൊതുവിവരാവകാശ ഓഫീസർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

ഹിയറിംഗിൽ പരിഗണിച്ച 18 അപ്പീലുകൾ കമ്മീഷൻ തീർപ്പാക്കി.

Leave a Reply