
കൊല്ലം: വനമേഖലയിലെ ഒറ്റപ്പെട്ട മലയോര ഗ്രാമമായ അച്ചൻകോവിലിൽ സമ്പൂർണ 4ജി ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി. മൂന്ന് കോടിയിലധികം രൂപ ചെലവഴിച്ച് മൂന്ന് വലിയ ടവറുകളാണ് പ്രദേശത്ത് സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കുള്ള പണം കണ്ടെത്തിയതെന്ന് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ അറിയിച്ചു.

കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ അച്ചൻകോവിലിലെ വിദ്യാർഥികൾക്ക് ഇന്റർനെറ്റ് ലഭ്യത വലിയ പ്രതിസന്ധിയായിരുന്നു. വനമേഖലയിൽ മൊബൈൽ നെറ്റ്വർക്ക് പരിമിതമായതിനാൽ കുട്ടികൾ ഉയരം കൂടിയ മലമുകളിൽ പാറപ്പുറത്തിരുന്നാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തിരുന്നത്.

ഇക്കാര്യം വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബി.എസ്.എൻ.എൽ അധികൃതരുമായി ഇടപെട്ടതായും തുടർന്ന് മൂന്ന് സ്ഥലങ്ങളിൽ പുതിയ ടവറുകൾ സ്ഥാപിച്ച് ഓൺലൈൻ പഠനം സുഗമമാക്കിയതായും എംപി പറഞ്ഞു.
നിലവിൽ പുതിയ ടവറുകളിലൂടെ അച്ചൻകോവിലിൽ ഹൈസ്പീഡ് 4ജി സൗകര്യം ലഭ്യമായതായി അദ്ദേഹം അറിയിച്ചു. ആദിവാസി സമൂഹവും സാധാരണക്കാരും താമസിക്കുന്ന ഒറ്റപ്പെട്ട മലയോര ഗ്രാമത്തിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എംപി പറഞ്ഞു.
കോവിഡ് കാലത്ത് കുട്ടികൾ ചുട്ടുപൊള്ളുന്ന പാറയിൽ ഇരുന്ന് പഠിച്ചിരുന്ന സ്ഥലത്തുതന്നെ വലിയ ടവർ സ്ഥാപിച്ചതും ശ്രദ്ധേയമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ കുറിച്ചു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ടെലികോം രംഗത്ത് തുടരുന്നതുകൊണ്ടാണ് പാവപ്പെട്ട ജനങ്ങൾക്ക് ഇത്തരം സൗകര്യങ്ങൾ ലഭ്യമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.