പാലക്കാട്: കാഞ്ഞിരപ്പുഴ ഡാം റിസർവോയറിൽ ഓഫ് റോഡ് ജീപ്പിറക്കി യുവാക്കൾ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. റിസർവോയറിലെ ഇരുമ്പകച്ചോല ഭാഗത്താണ് സംഭവം നടന്നത്.

ശക്തമായ ഒഴുക്കുള്ള വെള്ളത്തിലേക്ക് ഓഫ് റോഡ് ജീപ്പ് ഇറക്കി ഓടിക്കുന്നതും ഇതിനിടെ ജീപ്പിലുണ്ടായിരുന്ന യുവാവ് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽനിന്ന് വെള്ളത്തിലേക്ക് ചാടുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

ഇൻസ്റ്റാഗ്രാം റീൽസുകളും മറ്റ് സമൂഹമാധ്യമ വീഡിയോകളും ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതിനായാണ് യുവാക്കൾ ഇത്തരം അപകടകരമായ സാഹസിക പ്രകടനങ്ങൾ നടത്തിയതെന്നാണ് പ്രാഥമിക വിവരം.
ഡാം റിസർവോയർ പ്രദേശം കർശന സുരക്ഷാ നിയന്ത്രണങ്ങളുള്ള മേഖലയാണ്. അനുമതിയില്ലാതെ പ്രദേശത്ത് പ്രവേശിക്കുകയും അപകടകരമായ രീതിയിൽ പെരുമാറുകയും ചെയ്ത സംഭവത്തിൽ അധികൃതർ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
സുരക്ഷാ നിയന്ത്രണങ്ങൾ അവഗണിച്ച് റിസർവോയർ മേഖലയിൽ ഇത്തരം സാഹസിക പ്രകടനങ്ങൾ നടത്തുന്നത് ജീവന് തന്നെ അപകടമുണ്ടാക്കുന്നതിനാൽ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.