കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തിലെ കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ കൊടുവള്ളി എംഎൽഎ പി.കെ. ഫിറോസ് സന്ദർശിച്ചു. വട്ടച്ചുഴലി, അമരാട് വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് എംഎൽഎ സന്ദർശിച്ചത്.

പ്രകൃതി സൗന്ദര്യം കൊണ്ട് ഏറെ ആകർഷകമായ പ്രദേശങ്ങളാണെങ്കിലും റോഡ് സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രധാന വെല്ലുവിളിയെന്ന് സന്ദർശനത്തിനിടെ വിലയിരുത്തി. ചില ടൂറിസം കേന്ദ്രങ്ങളിലേക്ക് വാഹന സൗകര്യം ലഭ്യമല്ലാത്തതിനാൽ ഏറെ ദൂരം കാൽനടയായി സഞ്ചരിച്ചാണ് എത്തേണ്ട സാഹചര്യമുള്ളതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.

കട്ടിപ്പാറ പഞ്ചായത്തിലെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പി.കെ. ഫിറോസ് അറിയിച്ചു. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാവശ്യമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പാർട്ടി നേതാക്കൾ എന്നിവർക്കൊപ്പമായിരുന്നു എംഎൽഎയുടെ സന്ദർശനം. പദ്ധതിയുടെ വിശദമായ രൂപരേഖ (ഡിപിആർ) തയ്യാറാക്കിയ ശേഷം ടൂറിസം മന്ത്രിയുമായി ചർച്ച നടത്തി തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും പി.കെ. ഫിറോസ് വ്യക്തമാക്കി.
കട്ടിപ്പാറയിലെ പ്രകൃതി സൗന്ദര്യമുള്ള പ്രദേശങ്ങളെ വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമായ ഇടമാക്കി മാറ്റുന്നതിലൂടെ പ്രദേശത്തിന്റെ വികസനത്തിനും പ്രാദേശിക ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമാകുമെന്നാണ് പ്രതീക്ഷ.