You are currently viewing കുറ്റ്യാടിയിലെ റോഡ്-പാലം വികസനം; മന്ത്രി പി.കെ. ബഷീറുമായി കൂടിക്കാഴ്ച നടത്തി പാറക്കൽ അബ്ദുല്ല

കുറ്റ്യാടിയിലെ റോഡ്-പാലം വികസനം; മന്ത്രി പി.കെ. ബഷീറുമായി കൂടിക്കാഴ്ച നടത്തി പാറക്കൽ അബ്ദുല്ല

കോഴിക്കോട്: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ പുരോഗതിയും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്ത് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറുമായി കൂടിക്കാഴ്ച നടത്തി.

മണ്ഡലത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്നതും ആരംഭിക്കാനിരിക്കുന്നതുമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു. പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാങ്കേതിക തടസ്സങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചില പദ്ധതികൾ പൂർത്തിയാക്കുന്നതിന് അധിക ഫണ്ട് ആവശ്യമായ സാഹചര്യത്തിൽ ആവശ്യമായ തുക അനുവദിക്കുന്നതിനുള്ള ഇടപെടലുകളും ഉണ്ടാകണമെന്ന് പാറക്കൽ അബ്ദുല്ല മന്ത്രിയോട് അഭ്യർഥിച്ചു.

കുറ്റ്യാടി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ വേഗവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് പരിപൂർണ പിന്തുണ മന്ത്രി ഉറപ്പ് നൽകിയതായി എംഎൽഎ അറിയിച്ചു. റോഡ്, പാലം വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി തുടർ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply