ന്യൂഡൽഹി: ഉത്തര മലബാറിലെ ട്രെയിനുകളിലെ രൂക്ഷമായ തിരക്കും റെയിൽവേ കണക്റ്റിവിറ്റിയിലെ പോരായ്മകളും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വടകര എംപി ഷാഫി പറമ്പിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട്–കണ്ണൂർ–മംഗലാപുരം റൂട്ടിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് എംപി ആവശ്യപ്പെട്ടത്.

കോഴിക്കോടിനും കണ്ണൂരിനുമിടയിൽ പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ യാത്രാ സൗകര്യം പരിമിതമാണെന്ന് ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. വൈകിട്ട് 5.10ന് നേത്രാവതി എക്സ്പ്രസും 6.15ന് കണ്ണൂർ എക്സ്പ്രസും പോയിക്കഴിഞ്ഞാൽ രാത്രി 10.25ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തുന്നതുവരെ മംഗലാപുരം ഭാഗത്തേക്ക് ഏകദേശം നാല് മണിക്കൂറോളം ട്രെയിൻ സൗകര്യമില്ലാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.

ട്രെയിനുകളുടെ സമയക്രമത്തിലെ ഈ വലിയ ഇടവേള കൊയിലാണ്ടി, വടകര, തലശ്ശേരി മേഖലകളിലെ പ്രതിദിന യാത്രക്കാർ, വിദ്യാർഥികൾ, വ്യാപാരികൾ, രോഗികൾ തുടങ്ങിയവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും നിലവിലുള്ള ട്രെയിനുകളിൽ, പ്രത്യേകിച്ച് പരശുറാം എക്സ്പ്രസിൽ അനുഭവപ്പെടുന്ന അമിത തിരക്ക് സ്ഥിതി കൂടുതൽ രൂക്ഷമാക്കുന്നതായും എംപി വ്യക്തമാക്കി.
ഇതിന് പരിഹാരമായി നിലവിൽ സർവീസ് നടത്തുന്ന ഇന്റർസിറ്റി എക്സ്പ്രസിന് പുറമെ മംഗലാപുരം–കോയമ്പത്തൂർ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. രാവിലെ മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കോയമ്പത്തൂരിലെത്തുകയും, ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് മടങ്ങി വൈകിട്ട് 7.30–8 മണിയോടെ കോഴിക്കോട് എത്തി മംഗലാപുരത്തേക്ക് തുടരുകയും ചെയ്യുന്ന തരത്തിലുള്ള സമയക്രമമാണ് നിർദേശിച്ചിരിക്കുന്നത്.
പുതിയ ഇന്റർസിറ്റി യാഥാർഥ്യമായാൽ വൈകുന്നേരങ്ങളിലെ ദീർഘമായ ട്രെയിൻ ഇടവേളയ്ക്കും നിലവിലുള്ള ട്രെയിനുകളിലെ തിരക്കിനും വലിയൊരു പരിഹാരമാകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
ഈ ആവശ്യം നേരത്തെയും റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കഴിഞ്ഞ വർഷം പാലക്കാട് ദക്ഷിണ മേഖലാ ജനറൽ മാനേജരുടെ അധ്യക്ഷതയിൽ നടന്ന എംപിമാരുടെ യോഗത്തിലും വിഷയം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഷൊർണൂർ ജംഗ്ഷനിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ ഇന്റർസിറ്റിയുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് റെയിൽവേ അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും എംപി അറിയിച്ചു.
ഇതിനുപുറമെ വടകര പാർലമെന്റ് മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ കൊയിലാണ്ടി, വടകര, തലശ്ശേരി, മാഹി എന്നിവിടങ്ങളിൽ പ്രധാന ദീർഘദൂര എക്സ്പ്രസ്, മെയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
ഈ സ്റ്റേഷനുകളിൽ നിന്ന് റെയിൽവേക്ക് ലഭിക്കുന്ന വരുമാനം പരിഗണിച്ചാൽ തന്നെ ആവശ്യമായ സ്റ്റോപ്പുകൾ നേരത്തെ അനുവദിക്കേണ്ടതായിരുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലി, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെ ദീർഘകാല ആവശ്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റോപ്പുകൾ അനുവദിക്കുന്നതിനും പുതിയ ട്രെയിൻ സർവീസ് പരിഗണിക്കുന്നതിനുമായി റെയിൽവേ ബോർഡിനും ദക്ഷിണ റെയിൽവേ അധികൃതർക്കും അടിയന്തര നിർദേശം നൽകണമെന്നും ഷാഫി പറമ്പിൽ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.