
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിൽ നിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ച നടത്തി. മംഗളൂരു റെയിൽവേ ഡിവിഷനുമായി ബന്ധപ്പെട്ട പ്രവർത്തന പ്രശ്നങ്ങളും കേരളത്തിലെ റെയിൽവേ വികസനവും ചർച്ച ചെയ്തതായി മന്ത്രി സമൂഹമാധ്യമ പോസ്റ്റിൽ അറിയിച്ചു.

മംഗളൂരു റെയിൽവേ ഡിവിഷനെ മൂന്ന് പ്രത്യേക ഡിവിഷനുകളായി വിഭജിച്ചത് ഗുരുതരമായ പ്രവർത്തന പ്രതിസന്ധികൾക്ക് ഇടയാക്കിയെന്ന് മന്ത്രി പറഞ്ഞു. മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ നിലനിർത്താനുള്ള തീരുമാനം ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അദ്ദേഹം കുറിച്ചു.

കേരളത്തിലെ റെയിൽവേ ശൃംഖലയുടെ വികസനവും ചർച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2026-27 സാമ്പത്തിക വർഷത്തിൽ കേരളത്തിനുള്ള വിഹിതം പത്തിരട്ടി വർധിപ്പിച്ച് 3,795 കോടി രൂപയാക്കിയെന്ന് മന്ത്രി അവകാശപ്പെട്ടു. 2014-ൽ ഇത് 372 കോടി രൂപ മാത്രമായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി വി.ഡി. സതീശനുമായും ചർച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു.