
ദുബായ്:ദുബായ് ഭരണകുടുംബത്തിലെ മുതിർന്ന അംഗമായ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2026 സെപ്റ്റംബർ 21 തിങ്കളാഴ്ച അന്തരിച്ചു. 76 വയസ്സായിരുന്നു. ദുബായ് റൂളേഴ്സ് കോർട്ടാണ് മരണവിവരം പ്രഖ്യാപിച്ചത്. എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നു മുതൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടും. മരണകാരണം പരസ്യപ്പെടുത്തിയിട്ടില്ല.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇളയ സഹോദരനാണ് ഷെയ്ഖ് അഹമ്മദ്. ദുബായ് മുൻ ഭരണാധികാരിയും യുഎഇയുടെ രൂപീകരണത്തിലെ പ്രധാന വ്യക്തിത്വവുമായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ നാലാമത്തെയും ഇളയതുമായ പുത്രനായിരുന്നു അദ്ദേഹം. 1950 ജൂലൈ 12-ന് ബർ ദുബായിലാണ് ജനനം.

ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ദുബായ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ഉൾപ്പെടെ സൈനിക, സുരക്ഷാ മേഖലകളിലെ ഉന്നത പദവികൾ വഹിച്ചു. നേരത്തേ ദുബായിയുടെ സെൻട്രൽ മിലിട്ടറി റീജിയൻ കമാൻഡറായിരുന്നു. ചില ഘട്ടങ്ങളിൽ ദുബായിയുടെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയായും സേവനമനുഷ്ഠിച്ചു.
കായിക, വ്യവസായ രംഗങ്ങളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അൽ വസ്ൽ സ്പോർട്സ് ക്ലബ്ബിന്റെ ദീർഘകാല ചെയർമാനായിരുന്ന അദ്ദേഹം കുതിരപ്പന്തയ രംഗത്തും സജീവമായിരുന്നു. മഞ്ഞയും കറുപ്പും നിറമുള്ള വേഷത്തിൽ മത്സരിച്ച എംറ്റോട്ടോ, അഡ്ഡിയാസ്ബ് തുടങ്ങിയ കുതിരകൾ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളവയാണ്. എ.ആർ.എം. ഹോൾഡിങ്ങിന്റെ ഗ്രൂപ്പ് ചെയർമാനായ അദ്ദേഹത്തിന് റിയൽ എസ്റ്റേറ്റ് മേഖലയിലും താൽപര്യങ്ങളുണ്ടായിരുന്നു.
സഹോദരന്റെ വിയോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വ്യക്തിപരമായ അനുശോചനക്കുറിപ്പ് പങ്കുവെച്ചു. ദൈവം അദ്ദേഹത്തിന് കരുണ ചൊരിയട്ടെ എന്ന് പ്രാർഥിച്ച അദ്ദേഹം, “കണ്ണുകളിൽ നിന്ന് അകന്നെങ്കിലും ഞങ്ങളുടെ പ്രാർഥനകളിൽ നിന്നും ഹൃദയങ്ങളിൽ നിന്നും അകലുന്നില്ല” എന്ന് കുറിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും അനുശോചനം അറിയിച്ചു. യുഎഇയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അവർ അനുസ്മരിച്ചു.