You are currently viewing സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ; 100 ടൺ സവാള വിപണിയിലെത്തിക്കും

സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ; 100 ടൺ സവാള വിപണിയിലെത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ വില നിയന്ത്രിക്കാൻ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. ആദ്യഘട്ടത്തിൽ 100 ടൺ സവാള വിപണിയിലെത്തിച്ച് കിലോയ്ക്ക് 35 രൂപ നിരക്കിൽ ഹോർട്ടികോർപ്പ്–സപ്ലൈകോ വഴി വിതരണം ചെയ്യാനാണ് തീരുമാനം. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ–പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനൊപ്പം സെക്രട്ടേറിയറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് അടിയന്തര ഇടപെടലിന് തീരുമാനമായത്. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴിയാണ് സവാള സംഭരിച്ച് വിപണിയിലെത്തിക്കുക. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിയിട്ടുണ്ട്.

കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവില കിലോയ്ക്ക് 58 മുതൽ 80 രൂപ വരെ ഉയർന്ന സാഹചര്യത്തിൽ ഈ മേഖലകൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. തുടർന്ന് ഇടപെടൽ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

നാസിക്, കർണാടക ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്തത് എന്നിവയാണ് വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. ആവശ്യാനുസരണം കൂടുതൽ സവാള വിപണിയിലെത്തിക്കുമെന്നും ഇതിനായി പണം തടസ്സമാകില്ലെന്നും മന്ത്രി പറഞ്ഞു.

ഹോർട്ടികോർപ്പിന്റെ മൊബൈൽ ഔട്ട്‌ലെറ്റുകളും സവാള വിൽപ്പനയ്ക്കായി ഉപയോഗിക്കും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സംവിധാനങ്ങളും സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർ ഇടപെടലുകൾ നടത്തും.

കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വില നിയന്ത്രിക്കുന്നതിനായി കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്താകെ 2,000 പച്ചക്കറി ചന്തകൾ നടത്തിയിരുന്നു. വിപണി ഇടപെടലിലൂടെ പച്ചക്കറി വിലയിൽ 38 ശതമാനം വരെ കുറവ് വരുത്താൻ കഴിഞ്ഞിരുന്നു.

സാധാരണയായി ഓണത്തിന് ശേഷം പച്ചക്കറി വില കുറയാറുണ്ടെങ്കിലും ഇത്തവണ പ്രധാന ഉൽപാദന കേന്ദ്രങ്ങളിൽ പോലും സവാള വില ഉയർന്നുനിൽക്കുന്നതിനാലാണ് സർക്കാർ അടിയന്തര വിപണി ഇടപെടലിലേക്ക് കടന്നത്.

Leave a Reply