
ദുൽഖർ സൽമാൻ നായകനാകുന്ന ബഹുഭാഷാ ചിത്രം ‘ആകാശംലോഒകതാര’ നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൃഷ്ണ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുതുമുഖ താരം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

ഒരു ഗ്രാമീണ പെൺകുട്ടിയുടെ ബഹിരാകാശ സഞ്ചാരിയാകാനുള്ള സ്വപ്നമാണ് ചിത്രത്തിന്റെ പ്രമേയം. സ്വപ്നങ്ങളും അഭിലാഷങ്ങളും ലക്ഷ്യങ്ങളിലേക്കുള്ള യാത്രയും പ്രമേയമാക്കുന്ന ചിത്രം മനോഹരമായ ഒരു ലോകത്തേക്കാണ് പ്രേക്ഷകരെ ക്ഷണിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
പവൻ സാദിനേനിയാണ് സംവിധാനം. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. ചിത്രം നവംബർ 20ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തുമെന്ന് സംവിധായകനും നിർമാണ കമ്പനികളും സ്ഥിരീകരിച്ചു.
‘ആകാശംലോഒകതാര’ തനിക്ക് മനോഹരമായൊരു യാത്രയായിരുന്നുവെന്ന് ദുൽഖർ സൽമാൻ പ്രതികരിച്ചു. സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ വ്യത്യസ്തമായ അനുഭവമായിരിക്കും ചിത്രമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
നവംബർ 20ന് ചിത്രത്തിന്റെ റിലീസോടെ തിയേറ്ററുകളിൽ തിരക്കേറിയ വാരാന്ത്യത്തിനാണ് തുടക്കമാകുന്നത്. അതേ കാലയളവിൽ ‘ബാച്ചിലർ പാർട്ടി ഡ്യൂ’ ഉൾപ്പെടെയുള്ള ചിത്രങ്ങളും പ്രേക്ഷകരിലെത്തും.