
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ (സെപ്റ്റംബർ 26) കൊല്ലം ജില്ലയിലെ കുണ്ടറയിലെത്തും. അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണത്തിന്റെ ഭാഗമായി സഹകരണ മേഖലയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനത്തിനായാണ് സന്ദർശനം.

കുണ്ടറ പവിത്രം കൺവെൻഷൻ സെന്ററിൽ ഉച്ചയ്ക്ക് 2.45 മുതൽ വൈകിട്ട് 4.15 വരെയാണ് ‘സഹ്കാർ സേ സമൃദ്ധി’ പരിപാടി നടക്കുക. കേന്ദ്ര സഹകരണ വകുപ്പ് സഹമന്ത്രിമാർ, സംസ്ഥാന സഹകരണ-സാംസ്കാരിക വകുപ്പ് മന്ത്രിമാർ, സഹകരണ മേഖലയിലെ ദേശീയ-സംസ്ഥാനതല പ്രമുഖർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

കുണ്ടറയിലെ പരിപാടിക്ക് പുറമെ വള്ളിക്കാവിലെ അമൃതപുരി സന്ദർശനവും അമിത് ഷായുടെ യാത്രാപരിപാടിയുടെ ഭാഗമാണ്.
സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കുണ്ടറയിലും വള്ളിക്കാവിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്. പവിത്രം കൺവെൻഷൻ സെന്റർ പരിസരത്തും അമിത് ഷാ സഞ്ചരിക്കുന്ന പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹന പാർക്കിങ്ങിന് നിയന്ത്രണമുണ്ടാകും.
ഉച്ചയ്ക്കുശേഷം കൊല്ലം–ചെങ്കോട്ട ദേശീയപാത 744-ലും കുണ്ടറ ടൗണിലും ആവശ്യാനുസരണം ഗതാഗത നിയന്ത്രണമോ വഴിതിരിച്ചുവിടലോ ഉണ്ടായേക്കും. പരിപാടിക്കെത്തുന്നവർക്ക് കർശനമായ സുരക്ഷാ പരിശോധനയ്ക്ക് ശേഷമായിരിക്കും പ്രവേശനം. ബാഗുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്.
അമിത് ഷായുടെ സന്ദർശനം കണക്കിലെടുത്ത് പൊതുജനങ്ങളും യാത്രക്കാരും പോലീസ് നിർദേശങ്ങൾ പാലിക്കണമെന്നും ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.