
കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം ഉടൻ; 15 കോടി രൂപയുടെ പുതിയ ടെർമിനൽ

കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നവീകരണപ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പുതിയ ബസ് ടെർമിനലിന്റെ നിർമാണവുമായി ബന്ധപ്പെട്ട താത്കാലിക ഓഫീസുകളുടെ നിർമാണോദ്ഘാടനം ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്യാരജിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
15 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബസ് ടെർമിനൽ നിർമിക്കുന്നത്. യാത്രക്കാർക്കും ജീവനക്കാർക്കും ആവശ്യമായ ആധുനിക സൗകര്യങ്ങളെല്ലാം ടെർമിനലിൽ ഒരുക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്ന് നിലകളിലായുള്ള ആദ്യഘട്ട നിർമാണം പൂർത്തിയാക്കും. ഭാവിയിലെ ആവശ്യങ്ങൾ പരിഗണിച്ച് തുടർവികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
താത്കാലിക ഓഫീസുകളുടെ നിർമാണപ്രവർത്തനങ്ങൾക്കുള്ള തുക മന്ത്രി കരാറുകാരന് കൈമാറി. ചടങ്ങിൽ കൊല്ലം മേയർ എ.കെ. ഹഫീസ് അധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയായി.
വാർഡ് കൗൺസിലർ കുരുവിള ജോസഫ്, എ.ടി.ഒ ബി. അജിത്കുമാർ, ഡിപ്പോ എൻജിനീയർ വി.വി. ഷാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.