
കൊല്ലം: ചിന്നക്കട–ഇടമൺ ദേശീയപാത 744 പത്ത് മീറ്ററായി പരിമിതപ്പെടുത്താനുള്ള മുൻ സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി. പാതയുടെ വികസനം നാലുവരിപ്പാതയായി നടപ്പാക്കണമെന്നും ഇതിനായി പ്രത്യേക സമഗ്ര വികസന പാക്കേജ് അനുവദിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീറിനോട് ആവശ്യപ്പെട്ടതായി എംപി അറിയിച്ചു.

കൊല്ലം നഗരത്തെ കൊട്ടാരക്കര, പുനലൂർ, ഇടമൺ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത ഇടനാഴിയാണ് ചിന്നക്കട–ഇടമൺ ദേശീയപാത. പ്രതിദിനം 40,000-ത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന പാതയെ ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ കൂടി പരിഗണിച്ച് വികസിപ്പിക്കേണ്ടതുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.

ദേശീയപാത 744 പദവി നിലനിർത്തി നാലുവരിപ്പാതയായി വികസിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ആവശ്യമായ സ്ഥലങ്ങളിൽ സർവീസ് റോഡുകൾ, ജംഗ്ഷൻ നവീകരണം, ആധുനിക ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ, ഗ്രേഡ് സെപ്പറേറ്റഡ് സംവിധാനങ്ങൾ എന്നിവയും ഒരുക്കണം.
കൊട്ടാരക്കര നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി എലിവേറ്റഡ് ഫ്ലൈഓവർ ഉൾപ്പെടുന്ന ഗ്രേഡ് സെപ്പറേറ്റഡ് കോറിഡോർ അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കൽ, നാലുവരിപ്പാത വികസനം, ജംഗ്ഷൻ നവീകരണം, ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ, കൊട്ടാരക്കരയിലെ എലിവേറ്റഡ് ഫ്ലൈഓവർ എന്നിവ ഉൾപ്പെടുത്തി ചിന്നക്കട–ഇടമൺ പാതയ്ക്ക് പ്രത്യേക സമഗ്ര വികസന പാക്കേജ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ഇന്നത്തെ ഗതാഗത ആവശ്യങ്ങൾ മാത്രം കണക്കിലെടുത്തല്ല, അടുത്ത തലമുറയുടെ യാത്രാ ആവശ്യങ്ങൾ കൂടി മുന്നിൽക്കണ്ടായിരിക്കണം ദേശീയപാതകളുടെ വികസനമെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
ചിന്നക്കട–ഇടമൺ ദേശീയപാത 744 പത്ത് മീറ്ററിൽ ഒതുക്കരുതെന്നും ഭാവിയെ മുന്നിൽക്കണ്ട് നാലുവരിപ്പാതയായി വികസിപ്പിക്കണമെന്നുമാണ് എംപിയുടെ നിലപാട്.