
ഓച്ചിറ: ഓച്ചിറയുടെ ദീർഘകാല ആവശ്യമായ എലിവേറ്റഡ് ഹൈവേ പദ്ധതിക്ക് അനുമതി ലഭിച്ചു. കേരളത്തിലെ ദേശീയപാതകളിലെ ഓവർപാസുകൾ പില്ലർ മാതൃകയിൽ നിർമിക്കണമെന്ന ആവശ്യത്തിന് കേന്ദ്ര ഗതാഗത മന്ത്രാലയം അംഗീകാരം നൽകിയതോടെയാണ് പദ്ധതിക്ക് വഴിയൊരുങ്ങിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംപിയും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് അനുമതി ലഭിച്ചത്

ഓച്ചിറയിൽ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി നാല് വീതം, ആകെ എട്ട് സ്പാനുകൾ ഉൾപ്പെടുന്നതാണ് നിർദിഷ്ട എലിവേറ്റഡ് ഹൈവേ. പദ്ധതിയുടെ ആകെ നീളം 240 മീറ്ററായിരിക്കും. ശരാശരി 30 മീറ്റർ നീളമുള്ള എട്ട് സ്പാനുകളാണ് നിർമിക്കുക.
ദേശീയപാതയിലെ ഗതാഗതത്തെയും ഓച്ചിറ മേഖലയിലെ ദീർഘകാല ഗതാഗത ആവശ്യങ്ങളെയും പരിഗണിച്ചാണ് പില്ലർ മാതൃകയിലുള്ള ഓവർപാസ് നിർമാണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. പദ്ധതിയുടെ തുടർനടപടികൾ ഇതോടെ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.