
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്കും സർചാർജുകളും 2027 ഏപ്രിൽ 1 മുതൽ നിലവിൽ വരും. ഇതുസംബന്ധിച്ച അഞ്ച് വർഷത്തെ പുതിയ താരിഫ് നയം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (കെ.എസ്.ഇ.ആർ.സി) വിജ്ഞാപനം ചെയ്തു. 2027-28 സാമ്പത്തിക വർഷം മുതൽ 2031-32 വരെയാണ് പുതിയ നയത്തിന്റെ കാലാവധി.

കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടമായ ഏകദേശം 5,000 കോടി രൂപ നാല് വർഷത്തിനുള്ളിൽ സർചാർജിലൂടെ ഈടാക്കാനാണ് നയത്തിലെ പ്രധാന നിർദേശം. ഇതിലൂടെ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാൻ സാധ്യതയുണ്ട്.

വൈദ്യുതി ഉപയോഗത്തിന് കൂടുതൽ നിരക്ക് ഈടാക്കുന്ന പീക്ക് സമയം വൈകുന്നേരം ആറു മുതൽ രാത്രി 11.30 വരെയായി ദീർഘിപ്പിക്കും. നിലവിൽ വൈകുന്നേരം ആറു മുതൽ രാത്രി 10 വരെയാണ് പീക്ക് സമയം. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയും രാത്രി 11.30 മുതൽ രാവിലെ എട്ടു വരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്താനും നിർദേശമുണ്ട്. സമയക്രമം അനുസരിച്ച് വൈദ്യുതി ഉപയോഗം ക്രമീകരിക്കുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാം.
ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് പുറമേ ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകൾ മൂലമുണ്ടാകുന്ന അധിക ചെലവും ഇനി ഇന്ധന സർചാർജിൽ ഉൾപ്പെടുത്തും. ഇതിനായി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നാണ് പുതിയ നയത്തിലെ വ്യവസ്ഥ. എന്നാൽ ശരാശരി വൈദ്യുതി വിലയുടെ നാലു ശതമാനത്തിൽ കൂടുതൽ തുക നേരിട്ട് ഇന്ധന സർചാർജായി ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും.
ഗാർഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് (ഫിക്സഡ് ചാർജ്) കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കാനും പുതിയ താരിഫ് നയത്തിൽ നിർദേശമുണ്ട്. ഇതോടെ വീടുകളിൽ അനുവദിച്ചിട്ടുള്ള വൈദ്യുതിഭാരത്തിന് അനുസരിച്ചായിരിക്കും സ്ഥിരനിരക്ക് കണക്കാക്കുക.
അതേസമയം, വീടുകളിൽ വൈദ്യുതി സംഭരണ സംവിധാനം സ്ഥാപിച്ച് രാത്രികാലത്ത് അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്ന ഉപഭോക്താക്കൾക്ക് പ്രോത്സാഹന നിരക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ താരിഫ് നയം നിലവിൽ വരുന്നതോടെ വൈദ്യുതി ഉപയോഗത്തിന്റെ സമയക്രമം, ഗാർഹിക കണക്ഷനുകളുടെ കണക്ടഡ് ലോഡ്, ഇന്ധനച്ചെലവ് എന്നിവ വൈദ്യുതി ബില്ലിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാകും.