
കൊച്ചി: കടലേറ്റവും രൂക്ഷമായ തീരശോഷണവും മൂലം ദുരിതം നേരിടുന്ന പുതുവൈപ്പ് തീരദേശത്തിന് ആശ്വാസമേകുന്നതിനും കൊച്ചി എൽപിജി ഇറക്കുമതി ടെർമിനലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 41.07 കോടി രൂപയുടെ സമഗ്ര തീരസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ബന്ധപ്പെട്ട ഏജൻസികൾ ഒപ്പുവെച്ചു. വൈപ്പിൻ എംഎൽഎ ടോണി ചമ്മണിയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, എറണാകുളം എംപി ഹൈബി ഈഡൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ടോണി ചമ്മണിയും പങ്കെടുത്തു. പുതുവൈപ്പ് തീരമേഖലയിൽ ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്തിൽ 21 പുലിമുട്ടുകൾ നിർമിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ഭാഗം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) ക്യാപിറ്റൽ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ധാരണാപത്രത്തിന്റെ ഭാഗമായി ഏഴ് പുലിമുട്ടുകൾ ഐഒസിഎൽ നേരിട്ട് നിർമിക്കും. കരാറുകാരനെ തിരഞ്ഞെടുത്തശേഷം 12 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രകൃതിദുരന്തങ്ങളെ തുടർന്ന് തീരസംരക്ഷണ സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്നതിന് ഗ്രാനൈറ്റ് ശേഖരിക്കാനും പദ്ധതിയിൽ വ്യവസ്ഥയുണ്ട്.
കൊച്ചി പോർട്ട് അതോറിറ്റി, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെന്നൈ ഐഐടിയുടെ സാങ്കേതിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ നിർവഹണവും നിർമാണത്തിന്റെ ഗുണനിലവാര പരിശോധനയും കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരിക്കും.
കടലേറ്റ ഭീഷണി നേരിടുന്ന പുതുവൈപ്പ് തീരദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഉപജീവനമാർഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കേണ്ടത് ഏറെ പ്രധാനമാണെന്ന് ടോണി ചമ്മണി പറഞ്ഞു. തീരദേശവാസികൾക്ക് ആശ്വാസമാകുന്ന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തുടർനടപടികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ആവശ്യമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.