You are currently viewing ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി അടുത്ത വർഷം യാഥാർത്ഥ്യമാകും; പുതിയ ടെൻഡർ ഉടൻ വിളിക്കും

ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി അടുത്ത വർഷം യാഥാർത്ഥ്യമാകും; പുതിയ ടെൻഡർ ഉടൻ വിളിക്കും

കോതമംഗലം: ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി അടുത്ത വർഷം യാഥാർത്ഥ്യമാകുമെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം. പദ്ധതിയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ അവസാനിച്ചതായും പുതിയ കരാർ നൽകുന്നതിനായി ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കരാറുകാരനുമായുള്ള തർക്കത്തിൽ ഹൈക്കോടതി വൈദ്യുതി ബോർഡിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. കരാറുകാരൻ നൽകിയ അപ്പീൽ സുപ്രീംകോടതിയും പരിഗണിച്ചില്ല. ഇതോടെ പുതിയ ടെൻഡർ വിളിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങിയതായാണ് എംഎൽഎയുടെ വിശദീകരണം.

പുതിയ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി ഒരുവർഷത്തിനുള്ളിൽ ഭൂതത്താൻകെട്ടിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഷിബു തെക്കുംപുറം വ്യക്തമാക്കി.

പദ്ധതി പ്രദേശം സന്ദർശിച്ച വൈദ്യുതി വകുപ്പ് മന്ത്രിക്ക് എംഎൽഎ നന്ദി അറിയിച്ചു. വൈദ്യുതി ബോർഡ് ഡയറക്ടർമാർ, ചീഫ് എൻജിനീയർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം എത്തിയിരുന്നു. പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പ് മന്ത്രി നേരിട്ട് നൽകിയതായും എംഎൽഎയുടെ പോസ്റ്റിൽ പറയുന്നു.

ഇടമലയാർ അണക്കെട്ടും വിനോദസഞ്ചാരികൾക്കായി തുറന്നേക്കും

ഭൂതത്താൻകെട്ട് പദ്ധതി പ്രദേശത്തെ സന്ദർശനത്തിന് പിന്നാലെ മന്ത്രി ഇടമലയാർ അണക്കെട്ടിലും എത്തി. കോതമംഗലത്തെ വിനോദസഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ഇടമലയാർ അണക്കെട്ടും സമീപ പ്രദേശങ്ങളും സന്ദർശകർക്കായി തുറന്നുകൊടുക്കാനുള്ള സാധ്യതകൾ പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും ഷിബു തെക്കുംപുറം അറിയിച്ചു.

ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തിന്റെ വൈദ്യുതി ഉൽപ്പാദന മേഖലയ്ക്കും വികസനത്തിനും പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. ഇടമലയാർ അണക്കെട്ട് സന്ദർശകർക്കായി തുറക്കാനുള്ള നീക്കം കൂടി യാഥാർത്ഥ്യമായാൽ കോതമംഗലത്തിന്റെ ടൂറിസം മേഖലയ്ക്കും അത് ഗുണകരമാകും.

Leave a Reply