You are currently viewing കേരളത്തിലെ ദേശീയപാത നിർമാണം 2027 മാർച്ചോടെ പൂർത്തിയാക്കും; സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ കർശന നിർദേശം: കെ.സി. വേണുഗോപാൽ

കേരളത്തിലെ ദേശീയപാത നിർമാണം 2027 മാർച്ചോടെ പൂർത്തിയാക്കും; സുരക്ഷാ വീഴ്ചകൾ പരിഹരിക്കാൻ കർശന നിർദേശം: കെ.സി. വേണുഗോപാൽ

ആലപ്പുഴ:കേരളത്തിലെ ദേശീയപാത നിർമാണം ഭൂരിഭാഗം മേഖലകളിലും ഇഴഞ്ഞുനീങ്ങുകയാണെന്നും 2027 മാർച്ചോടെ നിർമാണം പൂർത്തിയാക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പുനൽകിയതായും ആലപ്പുഴ എംപി കെ.സി. വേണുഗോപാൽ. തിരുവനന്തപുരത്ത് ചേർന്ന പൊതുകണക്കു പരിശോധനാ സമിതി യോഗത്തിന്റെയും തുടർന്നുള്ള ഉന്നതതല കൂടിക്കാഴ്ചയുടെയും വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയപാത നിർമാണത്തിലെ കാലതാമസം, സുരക്ഷാ വീഴ്ചകൾ, റോഡുകളുടെ ഗുണനിലവാരം, ടോൾ പിരിവുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ഗൗരവമായി ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി.എൻ. സിംഗ്, ദേശീയപാതാ അതോറിറ്റി അംഗം വെങ്കടരമണ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുള്ള എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലും നിർമാണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി. സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ദേശീയപാതാ അതോറിറ്റിക്ക് കർശന നിർദേശം നൽകിയതായും ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടതായും കുറിപ്പിൽ പറയുന്നു.

ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം യാത്രക്കാരുടെ സുരക്ഷയ്ക്കും റോഡുകളുടെ ഗുണനിലവാരത്തിനും ടോൾ പിരിവുമായി ബന്ധപ്പെട്ട പരാതികൾക്കും തുല്യപ്രാധാന്യം നൽകണമെന്നാണ് യോഗത്തിൽ ആവശ്യപ്പെട്ടത്. കക്കാഴം മേൽപ്പാലത്തിൽ അപകടത്തെത്തുടർന്ന് ബൈക്ക് യാത്രക്കാർ പാലത്തിൽനിന്ന് താഴേക്ക് തെറിച്ചുവീണ സംഭവവും ചർച്ചയായി.

ടോൾ പ്ലാസകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട യാത്രക്കാരുടെ പരാതികൾ പരിഹരിക്കാൻ ‘രാജ്മാർഗ് യാത്ര’ മൊബൈൽ ആപ്ലിക്കേഷനിലൂടെ അഭിപ്രായങ്ങളും പരാതികളും ശേഖരിച്ച് നടപടിയെടുക്കുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചിട്ടുണ്ട്.

നാട്ടികയിൽ റോഡിന്റെ നിലവാരം മോശമായിരിക്കെ ടോൾ പിരിവ് തുടരുന്നതിലെ അപ്രായോഗികതയും യോഗത്തിൽ ഉന്നയിച്ചു. റോഡിന്റെ അവസ്ഥ മോശമാണെങ്കിൽ ടോൾ പിരിവ് ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി.എൻ. സിംഗ് അറിയിച്ചതായും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

കൂരിയാട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതയിലെ രൂപകൽപ്പനാ അപാകതകളും അപകടസാധ്യതയുള്ള സ്ഥലങ്ങളും കണ്ടെത്താൻ സുരക്ഷാ പരിശോധന നടത്തണമെന്ന് പൊതുകണക്കു പരിശോധനാ സമിതി കഴിഞ്ഞവർഷം നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 328 സ്ഥലങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചതിൽ 170 സ്ഥലങ്ങളിലെ പരിശോധന പൂർത്തിയായി.

സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ എട്ട് കിലോമീറ്റർ നീളത്തിൽ ഉയരപ്പാതകളുടെ നിർമാണം ആരംഭിച്ചെങ്കിലും ഒരു വർഷമായിട്ടും പൂർത്തിയാക്കാൻ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. നിലവിൽ 73 സ്ഥലങ്ങളിലായി 22 കിലോമീറ്റർ ദൂരത്തിൽ ഉയരപ്പാതകൾ നിർമിക്കാനാണ് ആലോചിക്കുന്നത്. ശേഷിക്കുന്ന സ്ഥലങ്ങളിലെ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പുനൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ അടുത്ത രണ്ടുമാസത്തിനകം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.

കായംകുളത്ത് നേരത്തെ ഒഴിവാക്കിയ ദേശീയപാത നിർമാണം തൂണുകൾക്കു മുകളിൽ ഉയർത്തിപ്പണിയുന്ന രീതിയിൽ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദേശം നൽകി. ഒരു കിലോമീറ്റർ നീളത്തിൽ ഉയരപ്പാത നിർമിക്കാമെന്ന പുതിയ നിർദേശം പ്രായോഗികമല്ലെന്നും 2.25 കിലോമീറ്റർ നീളത്തിൽ തന്നെ നിർമാണം നടത്തണമെന്നുമുള്ള ആവശ്യം വീണ്ടും ഉന്നയിച്ചു. പ്രദേശത്തെ സാമൂഹിക-പാരിസ്ഥിതിക പ്രത്യേകതകൾ പരിഗണിച്ചാണ് ഈ ആവശ്യം.

കളർകോട് അടിപ്പാത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ രണ്ട് ഭാഗങ്ങളുള്ള അടിപ്പാത ഒരുമിച്ച് നിർമിക്കാമെന്ന് ദേശീയപാതാ അതോറിറ്റി ഉറപ്പുനൽകി. 14 മീറ്റർ നീളവും 4.5 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് ഇവിടെ നിർമിക്കുക.

പായൽ കുളങ്ങര, വളഞ്ഞവഴി, പുത്തൻചന്ത, പൊന്നാംവെളി, കളിത്തട്ട് ജങ്ഷൻ എന്നിവിടങ്ങളിലും അടിപ്പാത നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ചു. പായൽ കുളങ്ങരയിൽ അടിപ്പാതയ്ക്കായി പ്രദേശവാസികൾ 700 ദിവസമായി പ്രക്ഷോഭം നടത്തിവരുന്ന കാര്യവും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.

പറവൂർ മുതൽ കൃഷ്ണപുരം വരെയുള്ള ദേശീയപാത നിർമാണം ഇഴഞ്ഞുനീങ്ങുന്നത് അടിയന്തരമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കരാർ കമ്പനി നേരിടുന്ന വിവിധ പ്രതിസന്ധികളാണ് നിർമാണത്തെ ബാധിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ നേരത്തെ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നും നിർദേശിച്ചു.

സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ ഏഴ് മീറ്റർ വീതിയിൽ സേവന റോഡുകൾ നിർമിക്കാൻ ദേശീയപാതാ അതോറിറ്റി സന്നദ്ധമാണെന്ന് അധികൃതർ അറിയിച്ചു. വീതി കുറഞ്ഞ സ്ഥലങ്ങളിൽ ഏഴ് മീറ്റർ വീതി ഉറപ്പാക്കുന്നതിനും സേവന റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കണം.

തുറവൂർ-പുന്നപ്ര മേഖലയിൽ നിർമാണത്തിനിടെ കുടിവെള്ള പൈപ്പുകൾ അടിക്കടി പൊട്ടുന്നത് ഒഴിവാക്കാൻ ജല അതോറിറ്റിയുമായി ചേർന്ന് നടപടികൾ സ്വീകരിക്കാനും നിർദേശിച്ചു. അരൂർ-തുറവൂർ ഉയരപ്പാത തെക്കുഭാഗത്തേക്ക് നീട്ടുന്നതിനുള്ള നിർമാണവും വേഗത്തിലാക്കണം.

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കേരള സർക്കാരും ദേശീയപാതാ അതോറിറ്റിയും തമ്മിൽ ശക്തമായ ഏകോപനം വേണമെന്നും ഇതിനായി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ തന്റെ കുറിപ്പിൽ വ്യക്തമാക്കി.

Leave a Reply