
കൊല്ലം ഇരവിപുരം ഭരണിക്കാവിൽ 26കാരിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകവും തെളിവ് നശിപ്പിക്കലും ആരോപിച്ച് കുടുംബം രംഗത്ത്. പത്തനാപുരം സ്വദേശിനിയായ സായയെ കഴിഞ്ഞ ഒക്ടോബർ 31ന് രാത്രിയാണ് ഭർത്താവ് അഫ്സലിന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹസമയത്ത് 80 പവൻ സ്വർണവും കാറും സ്ത്രീധനമായി നൽകിയിരുന്നെങ്കിലും കൂടുതൽ സ്വർണവും സ്വത്തും ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും സായയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് മാതാപിതാക്കളുടെ ആരോപണം. 100 പവൻ സ്വർണം ലഭിക്കുമായിരുന്നെന്നും വസ്തു എഴുതി നൽകണമെന്നും ആവശ്യപ്പെട്ട് സമ്മർദം ചെലുത്തിയിരുന്നതായും കുടുംബം പറയുന്നു.
സായയുടെ മരണവിവരം അറിയിക്കുന്നതിൽ ഭർതൃവീട്ടുകാർ നാല് മണിക്കൂറോളം വൈകിയെന്നും കുടുംബം ആരോപിച്ചു. രാത്രി 8.30ഓടെയാണ് മരണം സംഭവിച്ചതെന്നാണ് അറിയിച്ചതെങ്കിലും ഹൃദയസംബന്ധമായ അസുഖമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളെ വിളിച്ചുവരുത്തിയതെന്ന് മാതാവ് റിഹാന ഷാജി പറഞ്ഞു. വീട്ടിലെത്തിയപ്പോഴേക്കും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നുവെന്നും മാതാവ് വെളിപ്പെടുത്തി.

സായ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും ഭർത്താവിനെക്കുറിച്ചുള്ള പരാമർശങ്ങളുള്ള ഡയറിയും കാണാതായതായും കുടുംബം ആരോപിക്കുന്നു. ഇവ നശിപ്പിച്ചിട്ടുണ്ടാകാമെന്നാണ് ബന്ധുക്കളുടെ സംശയം. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കുന്നതിനു പോലും ഭർത്താവ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും ഭർത്താവ് സന്ദേശങ്ങൾ കാണുമെന്ന ഭയത്താൽ സായ വാട്സ്ആപ്പ് മെസേജുകൾ ഡിലീറ്റ് ചെയ്തിരുന്നുവെന്നും മാതാവ് പറഞ്ഞു.
സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ഇരവിപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നത്. എന്നാൽ, സായയുടെ മരണത്തിന് 11 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് തങ്ങളുടെ മൊഴിയെടുത്തതെന്നും അന്വേഷണത്തിൽ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുണ്ടെന്ന സംശയമുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
കുടുംബം നൽകിയ പരാതിയുടെയും ഉയർന്നുവന്ന ഗുരുതര ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ ഇരവിപുരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സായയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങളും സ്ത്രീധന പീഡന ആരോപണങ്ങളും ലാപ്ടോപ്പും ഡയറിയും കാണാതായതുമായി ബന്ധപ്പെട്ട പരാതികളും അന്വേഷണത്തിൽ നിർണായകമാകും.
യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.