You are currently viewing കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര്; ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര്; ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളും തനിക്കെതിരായ സൈബർ ആക്രമണങ്ങളും ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനവുമായി കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ. ഷാഫി പറമ്പിൽ എം.പിക്കും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെയാണ് നവംബർ 24ന് മാധ്യമങ്ങളോട് സംസാരിക്കവെ ഉണ്ണിത്താൻ പ്രധാനമായും വിമർശനങ്ങൾ ഉന്നയിച്ചത്.

ഷാഫി പറമ്പിൽ ഉമ്മൻചാണ്ടിയുടെ ‘എ’ ഗ്രൂപ്പുകാരനാണെന്ന് പറഞ്ഞാൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്ന് ഉണ്ണിത്താൻ പരിഹസിച്ചു. അരിയാഹാരം കഴിക്കുന്ന ആരും അത്തരമൊരു വാദം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും ഷാഫി പറമ്പിലിന് വേണ്ടിയാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചു. ‘പെട്ടിതാങ്ങികളെക്കൊണ്ട്’ തന്നെ ആക്രമിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ചില മാന്യന്മാരുടെ മുഖംമൂടി വലിച്ചുകീറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘ആശാന്റെയും ശിഷ്യന്റെയും’ കാര്യങ്ങൾ തന്റെ ഡയറിയിലുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പനമ്പിള്ളി നഗറിലെ ഫ്ലാറ്റ്, 2020 നമ്പർ കാർ തുടങ്ങിയ പരോക്ഷ പരാമർശങ്ങളും ചില യുവനേതാക്കളെ ലക്ഷ്യമിട്ട് അദ്ദേഹം നടത്തിയതായാണ് റിപ്പോർട്ടുകൾ.

പാർട്ടിക്കുള്ളിലെ തന്റെ നിലപാടുകളെക്കുറിച്ചും ഉണ്ണിത്താൻ തുറന്നടിച്ചു. കോൺഗ്രസിൽ താൻ എന്നും ഒറ്റയാനാണെന്നും സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടല്ല നിലപാടുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ എതിർപ്പുണ്ടായാലും അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയിൽ എല്ലാം നേടിയവരുടെ മക്കളാണ് ബി.ജെ.പിയിലേക്ക് പോയതെന്നും തന്റെ മകൻ ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.

രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ പ്രതികരണം കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങളും പരാമർശങ്ങളും പാർട്ടിക്കുള്ളിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply