You are currently viewing കുണ്ടറയിൽ ബാർ ഹോട്ടലിൽ വാളാക്രമണം; മാനേജർക്ക് ഗുരുതര പരിക്ക്
പ്രതീകാത്മക ചിത്രം

കുണ്ടറയിൽ ബാർ ഹോട്ടലിൽ വാളാക്രമണം; മാനേജർക്ക് ഗുരുതര പരിക്ക്

കൊല്ലം: കുണ്ടറ പെരുമ്പുഴയിലെ ബാർ ഹോട്ടലിൽ മദ്യലഹരിയിലെത്തിയ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ മാനേജർക്ക് ഗുരുതരമായി പരുക്കേറ്റു. പെരുമ്പുഴയിലെ ഹരിശ്രീ റെസിഡൻസി ബാർ ഹോട്ടലിലാണ് സംഭവം. നവംബർ 23 തിങ്കളാഴ്ച രാത്രി 9.30-ഓടെയായിരുന്നു ആക്രമണം.

മദ്യലഹരിയിലെത്തിയ മൂന്നംഗ സംഘം ഹോട്ടലിൽ മുറി ആവശ്യപ്പെട്ടെങ്കിലും മാനേജരായ കല്ലുംതാഴം സ്വദേശി അൽത്താഫ് ഇത് നിരസിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. ഇതിൽ പ്രകോപിതരായ സംഘം എക്സിക്യൂട്ടീവ് ബാറിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു.

തുടർന്ന് ശരീരത്തിൽ ഒളിപ്പിച്ചിരുന്ന വാളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് അൽത്താഫിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു ഗുരുതരമായി പരുക്കേറ്റ അൽത്താഫിനെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയ മൂന്നംഗ സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ആക്രമണത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Leave a Reply