
ന്യൂഡൽഹി: രാജ്യത്തെ നാലുവരിപ്പാതകളിലും അതിൽ കൂടുതൽ വീതിയുള്ള ദേശീയപാതകളിലുമുള്ള ടോൾ പ്ലാസകളുടെ രൂപകൽപ്പനയും അടിസ്ഥാന സൗകര്യങ്ങളും ഏകീകരിക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ . വരാനിരിക്കുന്നതും നിലവിൽ നിർമാണത്തിലിരിക്കുന്നതുമായ ദേശീയപാത പദ്ധതികളിൽ തടസ്സമില്ലാത്ത ടോൾ പിരിവ് സംവിധാനം നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടി.
മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ സംവിധാനത്തിന് അനുയോജ്യമായ രീതിയിൽ ടോൾ പ്ലാസകൾ സജ്ജീകരിക്കുകയാണ് പുതിയ മാർഗനിർദേശങ്ങളുടെ പ്രധാന ലക്ഷ്യം. ഈ സംവിധാനം നിലവിൽ വരുന്നതോടെ ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്താതെ തന്നെ കടന്നുപോകാനും ടോൾ തുക സ്വയമേവ പിരിച്ചെടുക്കാനും സാധിക്കും. ഇതോടെ നിലവിലുള്ള ടോൾ ബൂത്തുകളിലെ നീണ്ട വാഹനനിരകളും കാത്തിരിപ്പും ഒഴിവാക്കാനാകും.
കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ടോൾ പ്ലാസകളുടെ രൂപകൽപ്പന, പാതകളുടെ ക്രമീകരണം, റോഡ് അടിസ്ഥാന സൗകര്യങ്ങൾ, വെളിച്ച സംവിധാനം, ദിശാസൂചക ബോർഡുകൾ തുടങ്ങിയവയ്ക്ക് ഏകീകൃത മാനദണ്ഡങ്ങൾ പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ നിർമാണത്തിലിരിക്കുന്നതും ഭാവിയിൽ ആരംഭിക്കുന്നതുമായ ദേശീയപാത പദ്ധതികളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക നിർവഹണ ചട്ടക്കൂടും മാർഗനിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നതിനൊപ്പം ഇന്ധന ഉപഭോഗം നിയന്ത്രിക്കാനും യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ദേശീയപാതകളിൽ ആധുനികവും തടസ്സരഹിതവുമായ ടോൾ പിരിവ് സംവിധാനം വ്യാപിപ്പിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പ്പായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.