
കൊല്ലം: ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം ചാമവിള സ്വദേശി അനിൽകുമാർ–രേഷ്മ ദമ്പതികളുടെ മകൻ ദേവദർശ് (11) ആണ് മരിച്ചത്. കടക്കോട് കെ.എൻ.എസ് സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് കുട്ടിയെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളോ മാർക്ക് കുറഞ്ഞതിലുള്ള മനോവിഷമമോ കുട്ടിയെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്.

സംഭവത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.