
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമുണർത്തുന്ന പ്രസ്താവനയുമായി കെ വി തോമസ് രംഗത്ത്. കോൺഗ്രസ് ഒരു പ്രാവശ്യം കൂടി അധികാരത്തിൽ എത്താതിരുന്നാൽ പാർട്ടി പിരിച്ചുവിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിനും അതേ അവസ്ഥ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഒരു പ്രാവശ്യം കൂടി അധികാരത്തിൽ വരുന്നില്ലെങ്കിൽ യു.ഡി.എഫും പിരിച്ചുവിടേണ്ടി വരും. ഇക്കാര്യത്തിൽ തർക്കമില്ല. സ്ഥിതി അത്രമേൽ മോശമാണ്,” എന്നും അദ്ദേഹം പറഞ്ഞു.
വോട്ടർമാരുടെ മനോഭാവത്തെക്കുറിച്ചും അദ്ദേഹം വിമർശനമുയർത്തി. “വോട്ട് പെട്ടിയിൽ കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയാരെന്ന ചർച്ച നടക്കുന്നത്. ജനങ്ങൾക്ക് ഇവരുടെ സ്വഭാവം നന്നായി അറിയാം,” എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സ്വാഭാവികമാണെന്നും, പരാജയ ഭയത്തിൽ നിന്ന് ഓടിയൊളിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. “ഓടിയൊളിക്കുമെന്ന് പറഞ്ഞ ഒരാൾ എങ്ങനെ 100 സീറ്റുമായി അധികാരത്തിൽ വരും?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
അതേസമയം, സംസ്ഥാനത്ത് അടുത്ത ഭരണകാലം എൽ.ഡി.എഫിനായിരിക്കുമെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവച്ചു. ഈ പ്രസ്താവനകൾ രാഷ്ട്രീയരംഗത്ത് ശക്തമായ പ്രതികരണങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.