
കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്കെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങളെ ‘പഴയ തിരക്കഥയിലെ പുതിയ ആഖ്യാനം’ എന്ന് വിശേഷിപ്പിച്ച് മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ രംഗത്ത്. സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി ഉന്നയിച്ച ആരോപണങ്ങൾക്ക് രാഷ്ട്രീയ നിറം നൽകാനാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ഉൾപ്പെടെ മൂന്ന് കോടതികൾ മുൻപ് പരിശോധിച്ച് തള്ളിക്കളഞ്ഞ അതേ ആരോപണങ്ങളാണ് ഇ.ഡി പുതിയ പേരിൽ വീണ്ടും ഉന്നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വ്യക്തി ഒരേ കാര്യത്തിന് എത്ര തവണ നിരപരാധിത്വം തെളിയിക്കണമെന്നും അദ്ദേഹം ചോദിച്ചു.

നിയമത്തെ രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്നും, തന്നെയും സി.പി.ഐ.എമ്മിനെയും ലക്ഷ്യമിട്ടുള്ള ബോധപൂർവമായ രാഷ്ട്രീയ അജണ്ടയാണിതെന്നും അദ്ദേഹം ആരോപിച്ചു. ഒരാളെ പ്രതിയാക്കാൻ രാഷ്ട്രീയ തിരക്കഥ പോരെന്നും, നിയമപരമായി നിലനിൽക്കുന്ന തെളിവുകളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകൾ വീണ വിജയന്റെ കൈയിൽ നിന്ന് ഇ.ഡി ഡയറി കണ്ടെടുത്തുവെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം തള്ളിക്കളഞ്ഞു. നേരത്തെ ചർച്ചയായ ‘പി.വി’ എന്നത് താനല്ലെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.ജി.പിക്ക് ഇ.ഡി നൽകിയ ഔദ്യോഗിക കത്ത് മാധ്യമങ്ങൾക്ക് ചോർത്തിയത് ഇ.ഡി തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. വലിയ തലക്കെട്ടുകൾ നൽകി തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ ശ്രമിച്ചാലും ജനങ്ങൾക്കിടയിലെ തന്റെ പ്രതിച്ഛായ തകർക്കാൻ അതിനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമപരമായും രാഷ്ട്രീയമായും ഈ നീക്കങ്ങളെ ശക്തമായി നേരിടുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.