
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിൽ കെ. സുധാകരൻ രംഗത്തെത്തി. കൈകൾ ശുദ്ധമാണെന്ന് ആവർത്തിച്ചു പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും, ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ പിണറായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരപരാധിയാണെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ടതില്ലല്ലോ എന്നും സുധാകരൻ ചോദ്യമുന്നയിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇത് കേവലം രാഷ്ട്രീയ ആരോപണങ്ങളല്ലെന്നും, നിയമപരമായി അന്വേഷിക്കേണ്ട ഗൗരവതരമായ കാര്യങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നട്ടെല്ലുള്ള യു.ഡി.എഫ് സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും, അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയ നിർദേശങ്ങൾ നൽകിയിരുന്ന പഴയ കാലം അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘപരിവാറിന്റെ താളത്തിനൊത്തല്ല കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നതെന്നും, ആരെയും സംരക്ഷിക്കുകയോ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വേട്ടയാടുകയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“പ്രസംഗമല്ല, രേഖകൾ സംസാരിക്കട്ടെ. ആ സത്യം കേൾക്കാൻ കേരളം കാത്തിരിക്കുകയാണ്” എന്ന് സുധാകരൻ പറഞ്ഞവസാനിപ്പിച്ചു