You are currently viewing മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ആന്റോ അഗസ്റ്റിനെതിരെ ഇ.ഡി. കേസെടുക്കും

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; ആന്റോ അഗസ്റ്റിനെതിരെ ഇ.ഡി. കേസെടുക്കും

കൊച്ചി: അർജന്റീന ഫുട്‌ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല സമിതി അനുമതി നൽകി.

വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളും നിയമവിരുദ്ധമായ പണമിടപാടുകളും നടന്നിട്ടുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ റിസ്‌ക് അസസ്‌മെന്റ് മാനേജ്‌മെന്റ് കമ്മിറ്റി (റാംക്) കേസെടുക്കാൻ അനുമതി നൽകിയതെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചി ഇ.ഡി. ഓഫീസ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യും.

ആന്റോ അഗസ്റ്റിനെ വ്യക്തിപരമായും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിനെയും കേസിൽ പ്രതികളാക്കും. കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറാണ് ഇ.ഡി. അന്വേഷണത്തിന്റെ അടിസ്ഥാനമാക്കുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ച് സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ച് അനധികൃത സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് പ്രാഥമിക ആരോപണം.

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഏകദേശം 25.78 കോടി രൂപയുടെ ജി.എസ്.ടി. വെട്ടിപ്പും വിദേശ പണമിടപാടുകളിൽ ക്രമക്കേടുകളും നടന്നതായി നിലവിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്ന എസ്.ഐ.ടി. ശുപാർശയെ തുടർന്ന് കേസിന്റെ അന്വേഷണം മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവരിലേക്കും നീളുന്നതായും റിപ്പോർട്ടുണ്ട്.

ഇ.ഡി.യുടെ തുടർ അന്വേഷണത്തിന്റെ ഭാഗമായി ആന്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, മുൻകാല സാമ്പത്തിക സ്രോതസ്സുകൾ എന്നിവ വിശദമായി പരിശോധിക്കും. വിദേശത്തേക്കും വിദേശത്തുനിന്നുമുള്ള പണമിടപാടുകളും അന്വേഷണത്തിന്റെ പരിധിയിൽ വരും.

Leave a Reply