
ന്യൂഡൽഹി– ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു. അതേസമയം, ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്കും ജ്ഞാനേഷ് കുമാറിനും മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവിനും വിവേക് ജോഷിക്കും കോടതി നോട്ടീസ് അയച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം നടക്കുന്നതിനിടെ, മറ്റ് രണ്ട് കമ്മീഷണർമാരുടെ സമ്മതമില്ലാതെ കുമാർ നിയമവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനങ്ങളെടുത്തെന്നാരോപിച്ച് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നുമാണ് ഹർജികളിലെ ആവശ്യം.എസ് ഐ ആർ സംബന്ധിച്ച 14 തീരുമാനങ്ങൾ കമ്മീഷണർമാരുടെ യോജിപ്പില്ലാതെ എടുത്തതാണെന്ന് ഹർജികൾ ആരോപിക്കുന്നതായും, 2025 ഒക്ടോബറിനും 2026 ഓഗസ്റ്റിനും ഇടയിലാണ് എതിർപ്പുകൾ ഉയർന്നതെന്നും ഒരു റിപ്പോർട്ട് പറയുന്നു.

മറ്റ് കമ്മീഷണർമാരുടെ എതിർപ്പുകളെക്കുറിച്ചുള്ള പത്രവാർത്തകളെയാണ് ഹർജികൾ പ്രധാനമായും ആശ്രയിക്കുന്നത്. ഇത്തരം വാർത്ത പൂർണമായും ശരിയാകാം, ഭാഗികമായി ശരിയാകാം, തെറ്റുമാകാമെന്ന് ബെഞ്ച് നിരീക്ഷിച്ചു. പത്രവാർത്തകളെ മാത്രം ആശ്രയിച്ച് ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കമ്മീഷന്റെ വിശദീകരണം തേടാതെ ഏകപക്ഷീയമായി (ex parte) ഇടക്കാല ആശ്വാസം നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
കമ്മിഷൻ തീരുമാനമെടുക്കുമ്പോൾ നിയമപ്രകാരമുള്ള കൂട്ടായ നടപടിക്രമം പാലിച്ചിട്ടില്ലെന്ന് രേഖകൾ പരിശോധിച്ച ശേഷം ബോധ്യപ്പെട്ടാൽ, ബന്ധപ്പെട്ട ഉത്തരവുകൾ റദ്ദാക്കാൻ മടിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രത്യേക തീവ്രപരിശോധനയുമായി ബന്ധപ്പെട്ട നടപടികളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമെടുക്കൽ പ്രക്രിയ സംബന്ധിച്ച രേഖകൾ ഇനി കേസിൽ നിർണായകമാകും.