
ഗ്രീക്ക് ഓർത്തഡോക്സ് അന്ത്യോക്യൻ പാത്രിയർക്കീസ് ജോൺ പത്താമൻ (യാസിജി) മാർപാപ്പ ലിയോ പതിനാലാമനുമായി കൂടിക്കാഴ്ച നടത്താൻ വത്തിക്കാനിലെത്തി. കത്തോലിക്ക-ഓർത്തഡോക്സ് ഐക്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.

സെപ്റ്റംബർ 10ന് ബെയ്റൂത്തിൽനിന്ന് റോമിലേക്ക് പുറപ്പെട്ട പാത്രിയർക്കീസ്, മാർപാപ്പയ്ക്കു പുറമെ ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ വിഭാഗത്തിന്റെ തലവൻ കർദിനാൾ കുർട്ട് കോച്ച്, പൗരസ്ത്യ സഭകൾക്കായുള്ള വിഭാഗം തലവൻ കർദിനാൾ ക്ലോഡിയോ ഗുഗെറോട്ടി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. സാന്റ് എജീഡിയോ സമൂഹത്തിന്റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും പരിപാടിയിലുണ്ട്.

സംഭാഷണം തുടരുകയും മധ്യപൗരസ്ത്യ ദേശത്തെ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുകയുമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. മുൻ മാർപാപ്പമാരുടെ കാലത്ത് ആരംഭിച്ച അന്ത്യോക്യ-റോം ബന്ധത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനത്തെ കാണുന്നത്.
എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ഈയിടെ ബുഡാപെസ്റ്റിൽ നടത്തിയ പ്രസംഗത്തിൽ റോമുമായുള്ള പൂർണ കൂട്ടായ്മ പുനഃസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. പുരാതന അപ്പസ്തോലിക ആസ്ഥാനങ്ങളുടെ ‘പെന്റാർക്കി’ എന്ന ചരിത്രപരമായ ക്രമീകരണത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഇതിനു പിന്നാലെയാണ് അന്ത്യോക്യൻ പാത്രിയർക്കീസിന്റെ ഈ വത്തിക്കാൻ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.