You are currently viewing വെളുത്തുള്ളി കൃഷിക്ക് പുതിയ സാങ്കേതികവിദ്യയുമായി ഐസിഎആർ; ചെലവ് 50 ശതമാനം കുറയും, അഞ്ച് മാസം കൊണ്ട് വിളവെടുപ്പ്

വെളുത്തുള്ളി കൃഷിക്ക് പുതിയ സാങ്കേതികവിദ്യയുമായി ഐസിഎആർ; ചെലവ് 50 ശതമാനം കുറയും, അഞ്ച് മാസം കൊണ്ട് വിളവെടുപ്പ്

വെളുത്തുള്ളി കൃഷിയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച് ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) കീഴിലുള്ള വിവേകാനന്ദ പർവതീയ കൃഷി അനുസന്ധാൻ സ്ഥാപനമായ ഐസിഎആർ-വിപികെഎഎസ് (ICAR-VPKAS).

വെളുത്തുള്ളിയുടെ പൂങ്കുലത്തണ്ടിൽ രൂപപ്പെടുന്ന ഏരിയൽ ബൾബിലുകൾ (Aerial Bulbils) ഉപയോഗിച്ച് കൃഷി നടത്തുന്ന രീതിയാണ് സ്ഥാപനം വികസിപ്പിച്ചെടുത്തത്. പരമ്പരാഗതമായി വെളുത്തുള്ളി അല്ലികൾ (Cloves) നടുന്നതിന് പകരം ഈ ബൾബിലുകൾ ശേഖരിച്ച് വലുപ്പമനുസരിച്ച് തരംതിരിക്കുകയും പ്രത്യേക രീതിയിൽ പരിചരിച്ചശേഷം നഴ്സറിയിൽ തൈകളായി വളർത്തുകയും ചെയ്യുന്നതാണ് പുതിയ രീതി. പിന്നീട് ഇവ കൃഷിയിടങ്ങളിലേക്ക് മാറ്റിനടാം.

ഈ സാങ്കേതികവിദ്യയിലൂടെ വെറും അഞ്ച് മാസം കൊണ്ട് ഹെക്ടറിന് 17.67 ടൺ വരെ വെളുത്തുള്ളി വിളവ് ലഭിക്കുമെന്നാണ് കണ്ടെത്തൽ. ഒരു കൃഷിസീസണിൽ തന്നെ വിപണനയോഗ്യമായ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കാനാകുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

പരമ്പരാഗത അല്ലി നടീൽ രീതിയുമായി താരതമ്യം ചെയ്യുമ്പോൾ കൃഷിച്ചെലവിൽ ഏകദേശം 50 ശതമാനം വരെ കുറവുണ്ടാകുമെന്നും വിലയിരുത്തുന്നു. പ്രത്യേകിച്ച് മലമ്പ്രദേശങ്ങളിലെ കർഷകർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപ്പാദനം നേടാൻ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ.

അൽമോറ ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ വെളുത്തുള്ളി കൃഷിയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും പുതിയ രീതി സഹായകമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply