You are currently viewing ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടൽ; കുടുംബത്തെ സന്ദർശിച്ച് സജീവ് ജോസഫ്

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടൽ; കുടുംബത്തെ സന്ദർശിച്ച് സജീവ് ജോസഫ്

കണ്ണൂർ: ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച പടിയൂർ നിടിയോടി തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകൾ ദേവികയുടെ വീട്ടിലെത്തി ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് കുടുംബാംഗങ്ങളെ സന്ദർശിച്ചു. ദേവികയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ഇടപെടൽ തുടരുകയാണെന്ന് എംഎൽഎ അറിയിച്ചു.

ദേവികയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയുമായി വാട്സ്ആപ്പ് കോളിലൂടെ സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകിയതായി സജീവ് ജോസഫ് പറഞ്ഞു.

നോർക്ക റൂട്ട്സ്, ഇന്ത്യൻ എംബസി അധികൃതർ, ജപ്പാനിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ എന്നിവരുമായി നടത്തിയ ആശയവിനിമയവും എംഎൽഎ പങ്കുവച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ കുടുംബാംഗങ്ങൾക്ക് ജപ്പാനിലെത്തി തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള സഹായം നൽകും.

ഇതിന് പുറമെ ജപ്പാനിൽ തന്നെ സംസ്കാരച്ചടങ്ങുകൾ നടത്തേണ്ട സാഹചര്യമുണ്ടായാൽ ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനുള്ള ആവശ്യമായ സഹായസൗകര്യങ്ങളും ഒരുക്കുമെന്ന് ജപ്പാനിലെ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചതായും സജീവ് ജോസഫ് വ്യക്തമാക്കി.

ദേവികയുടെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനൊപ്പം മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ വേഗത്തിലാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും എംഎൽഎ അറിയിച്ചു.

Leave a Reply