You are currently viewing എൽ.പി.എസ്.ടി–യു.പി.എസ്.ടി സമരം: ‘ഇല്ലാത്ത ഒഴിവുകൾക്കാണ് മുൻ സർക്കാർ പരീക്ഷ നടത്തിയത്’ — വി.ഡി. സതീശൻ

എൽ.പി.എസ്.ടി–യു.പി.എസ്.ടി സമരം: ‘ഇല്ലാത്ത ഒഴിവുകൾക്കാണ് മുൻ സർക്കാർ പരീക്ഷ നടത്തിയത്’ — വി.ഡി. സതീശൻ

എൽ.പി.എസ്.ടി, യു.പി.എസ്.ടി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 500 അധ്യാപക ഒഴിവുകൾ നികത്തുന്നതിനായാണ് പരീക്ഷ നടത്തിയതെന്നും പിന്നീട് 15,000 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനിടെ ഡിവിഷൻ ഫാൾ മൂലം ജോലി നഷ്ടപ്പെടുന്ന അധ്യാപകരുടെ എണ്ണം ഏകദേശം 1,131 ആയി ഉയർന്നിരുന്നു. ഈ അധ്യാപകരുടെ ജോലി സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

“അവരുടെ ജോലിക്ക് സംരക്ഷണം കൊടുക്കണ്ടേ? അപ്പോൾ യഥാർത്ഥത്തിൽ വേക്കൻസി അവിടെയില്ല. ഇല്ലാത്ത വേക്കൻസിക്കാണ് കഴിഞ്ഞ സർക്കാർ പരീക്ഷ നടത്തിയത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

500 ഒഴിവുകൾ മുന്നിൽക്കണ്ട് പരീക്ഷ നടത്തി 15,000 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ യഥാർഥ ഒഴിവുകൾ ഇല്ലാത്തതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സർക്കാർ എടുത്ത തീരുമാനത്തിന്റെ പ്രത്യാഘാതമാണ് ഇപ്പോൾ നിലവിലെ സർക്കാരിന് നേരിടേണ്ടിവരുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. “ഇതിപ്പോൾ ഞങ്ങളുടെ സർക്കാരിന്റെ പ്രശ്നമായി മാറി,” എന്നും അദ്ദേഹം വ്യക്തമാക്കി.

എൽ.പി.എസ്.ടി–യു.പി.എസ്.ടി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Leave a Reply