You are currently viewing സന്നിധാനത്ത് കൂടുതൽ ദിശാസൂചകങ്ങൾ സ്ഥാപിക്കും

സന്നിധാനത്ത് കൂടുതൽ ദിശാസൂചകങ്ങൾ സ്ഥാപിക്കും

ശബരിമല: തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി സന്നിധാനത്തും പമ്പയിലേക്കുള്ള വഴികളിലും കൂടുതൽ ദിശാസൂചകങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

അപ്പം, അരവണ കൗണ്ടറുകൾ ഉൾപ്പെടെയുള്ള തിരക്കേറിയ ഭാഗങ്ങളിൽ തീർത്ഥാടകർക്ക് വഴിയറിയാൻ വ്യക്തമായ ദിശാസൂചകങ്ങൾ സ്ഥാപിക്കും. കൗണ്ടറുകളിൽ പ്രസാദം, രസീത് എന്നിവ തിരിച്ചറിയുന്നതിനുള്ള അറിയിപ്പുകളും വലിയ നടപ്പന്തലിലെ ഡിജിറ്റൽ ഡിസ്പ്ലേകളിൽ വിവിധ ഭാഷകളിലുള്ള ബോധവൽക്കരണ സന്ദേശങ്ങളും നൽകും.

കടകളിലെ നാല് ഭാഷകളിലുള്ള വിലവിവര പട്ടികകൾ തീർത്ഥാടകർക്ക് കാണാവുന്നവിധം സ്ഥാപിക്കാനും നിർദ്ദേശിച്ചു. തീർത്ഥാടകരുടെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്നവിധം കടകൾ പുറത്തേക്ക് വ്യാപിപ്പിക്കുന്നത് കർശനമായി തടയും.

അരവണ കൗണ്ടറിന് സമീപവും അന്നദാന മണ്ഡപത്തിലേക്കുള്ള വഴിയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യും. സന്നിധാനത്തെ എഫ്.എസ്.ടി.പി പ്ലാന്റിൽ 20 ജീവനക്കാരെ അധികമായി നിയമിക്കാനും ആവശ്യമെങ്കിൽ 10 വിശുദ്ധി സേനാംഗങ്ങളെ കൂടി നിയോഗിക്കാനും തീരുമാനിച്ചു. അടുത്ത മൂന്ന് ദിവസത്തിനകം പ്ലാന്റ് പൂർണ സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു.

യോഗത്തിൽ ശബരിമല എ.ഡി.എം ദിലീപ് കെ. കൈനകര അധ്യക്ഷത വഹിച്ചു. സ്പെഷ്യൽ ഓഫീസർ ജെ. ജയദേവ്, എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ, ഡ്യൂട്ടി മജിസ്ട്രേറ്റ് എം. ബിപിൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply