
തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭാര്യയെ മകളുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് തമിഴ്‌നാട്ടിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. നാലാഞ്ചിറ മഠത്തുനടയിലെ ‘തിരുപ്പതി ഭവനിൽ’ വാടകയ്ക്ക് താമസിച്ചിരുന്ന ഹസീന (36) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് സുരേഷ് (46) തമിഴ്‌നാട്ടിലെ ചിദംബരത്തിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതായി പോലീസ് സ്ഥിരീകരിച്ചു.

ബുധനാഴ്ച പുലർച്ചെ 5.45ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദമ്പതികൾ തമ്മിലുണ്ടായ കടുത്ത കുടുംബവഴക്കിനിടെയാണ് സുരേഷ് മകളുടെ മുന്നിൽവെച്ച് ഹസീനയുടെ കഴുത്തറുത്തത്. കൃത്യം നടത്തിയ ശേഷം കൊലപാതകത്തിന് ഉപയോഗിച്ച കത്തി കുളിമുറിയിൽ കഴുകി വൃത്തിയാക്കി കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവം കണ്ട മകൾ അമൃതാ സുരേഷ് ഉടൻ മണ്ണന്തല പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഹസീന മരിച്ചതായി സ്ഥിരീകരിച്ചു.
ഹസീനയും സുരേഷും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ഹസീനയെ കാണാനില്ലെന്ന് കാട്ടി സുരേഷ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ചൊവ്വാഴ്ച ഹസീന തിരിച്ചെത്തി താൻ സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇതിനെച്ചൊല്ലി വീണ്ടും തർക്കമുണ്ടായതിനെ തുടർന്ന് ഇരുവരെയും മണ്ണന്തല പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംസാരിച്ച് ഒത്തുതീർപ്പാക്കിയ ശേഷമാണ് വിട്ടയച്ചത്.
എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ശേഷവും തർക്കം തുടർന്നതും ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതുമാണെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെട്ട സുരേഷിനെ കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം ഇയാളുടെ മൊബൈൽ ഫോൺ കിള്ളിപ്പാലം ഭാഗത്തുനിന്നും കണ്ടെത്തി. സുരേഷ് സഞ്ചരിച്ചിരുന്ന കാർ ബാലരാമപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസ് നിഗമനത്തിലെത്തി.
ഇതിനിടെ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് സുരേഷ് മകളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിന്നീട് ചിദംബരത്തിന് സമീപം ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.
അഞ്ച് മാസം മുൻപാണ് ഹസീനയും സുരേഷും നാല് മക്കളും ഒരു ബന്ധുവിനൊപ്പം നാലാഞ്ചിറയിൽ വാടകവീട്ടിലേക്ക് താമസം മാറിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.