You are currently viewing ഗോശ്രീ-ബോൾഗാട്ടി പാലത്തിന് സമാന്തര പാലം: സർവേ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദേശം

ഗോശ്രീ-ബോൾഗാട്ടി പാലത്തിന് സമാന്തര പാലം: സർവേ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നിർദേശം

എറണാകുളം ഗോശ്രീയിൽനിന്ന് ബോൾഗാട്ടിയിലേക്കുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നത് സംബന്ധിച്ച് യോഗം ചേർന്നു. എംപി ഹൈബി ഈഡന്റെ നിർദേശപ്രകാരം എംഎൽഎമാരായ ടി.ജെ. വിനോദ്, ടോണി ചമ്മണി എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം വിളിച്ചുചേർത്തത്. എറണാകുളം ജില്ലാ കലക്ടർ പ്രിയങ്ക ജി. ഐഎഎസ് ആണ് ഇക്കാര്യം അറിയിച്ചത്.

പാലം നിർമിക്കുന്നതിനുള്ള സ്ഥലം ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ജിഡ) നേരത്തേ തന്നെ ഏറ്റെടുത്തിട്ടുള്ളതാണെന്ന് ജിഡ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച സർവേ നടത്തി രേഖകൾ രണ്ടാഴ്ചയ്ക്കകം ലഭ്യമാക്കാൻ കണയന്നൂർ തഹസിൽദാറെ ചുമതലപ്പെടുത്തി.

പാലത്തിന്റെ ഡിസൈനും വിശദമായ പദ്ധതി രേഖയും (ഡിപിആർ) തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജിഡ പ്രതിനിധികൾ യോഗത്തിൽ ഉറപ്പുനൽകി. ഗതാഗതക്കുരുക്ക് തടയുന്നതിന് അനുയോജ്യമായ നടപടികൾ സ്വീകരിക്കാനും, ഇതുസംബന്ധിച്ച് വിശദമായ യോഗം താമസിയാതെ വീണ്ടും വിളിച്ചുചേർക്കാനും യോഗം തീരുമാനിച്ചു.

Leave a Reply