
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ സത്യപ്രതിജ്ഞാ ചടങ്ങിൽ തന്റെ പിതാവിന്റെ പൂർണ്ണനാമം പരാമർശിച്ചതിനെ ചൊല്ലിയുണ്ടായ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത്. ഒരു വ്യക്തി ഔദ്യോഗിക ചടങ്ങുകളിലും രേഖകളിലും തന്റെ പിതാവിന്റെ പൂർണ്ണമായ പേര് രേഖപ്പെടുത്തുന്നത് സ്വാഭാവികമാണെന്നും അതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് വികാരഭരിതമായ മറുപടി നൽകിയതും ശ്രദ്ധേയമാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ മാതാപിതാക്കളുടെ പേര് അഭിമാനത്തോടെ പറയുന്നത് ഓരോ മകനുടെയും കടമയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനൊപ്പം, വി.ഡി സതീശൻ രചിച്ച ആദം നീ എവിടെയാകുന്നു? എന്ന പുസ്തകത്തെ കുറിച്ചും ശ്രീകുമാരൻ തമ്പി പരാമർശിച്ചു. ക്രിസ്തുവിന്റെ സഹനവും ത്യാഗവും ക്ഷമയും ആസ്പദമാക്കി വിവിധ ക്രിസ്ത്യൻ സമ്മേളനങ്ങളിൽ സതീശൻ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ കൃതിയെന്ന് അദ്ദേഹം പറഞ്ഞു. ബൈബിൾ വായനയിലൂടെ യേശുക്രിസ്തുവിന്റെ ദർശനങ്ങളും ചിന്തകളും സതീശനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നും ജീവിതത്തിൽ പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസം ക്രിസ്തുവിൽ നിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഒരു മാസത്തിനകം വിറ്റഴിഞ്ഞതായും രണ്ടാം പതിപ്പാണ് ഇപ്പോൾ വായിക്കുന്നതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ക്രിസ്തുവിന്റെ ജീവിതവും ദർശനവും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും “ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ ഗുരു യേശുക്രിസ്തുവാണ്” എന്ന അഭിപ്രായം പല വേദികളിലും പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവിന്റെ പേര് പറഞ്ഞതിൽ പ്രതിഷേധിക്കുന്നവരും ഈ പുസ്തകം വായിച്ചാൽ മനസിലെ സംശയങ്ങൾക്കും വ്യാകുലതകൾക്കും ശമനം ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അവസാനമായി, മുഖ്യമന്ത്രി വി.ഡി സതീശൻ ന്റെ പിതാവ് വടശ്ശേരിൽ ദാമോദര മേനോന്റെയും മാതാവ് വിലാസിനി അമ്മയുടെയും സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലി അർപ്പിച്ച ശ്രീകുമാരൻ തമ്പി, ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന പ്രവർത്തനങ്ങളിലൂടെ സതീശൻ കേരളത്തിന്റെ അഭിമാനമായി മാറട്ടെയെന്നും ആശംസിച്ചു.