
ചേരാനല്ലൂർ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി എം.പി. ഹൈബി ഈഡൻ, എം.എൽ.എ. ടി.ജെ. വിനോദ് എന്നിവരുടെ സാന്നിധ്യത്തിൽ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാർ എന്നിവരുടെ യോഗം ചേർന്നു.

ചേരാനല്ലൂരിൽ അമൃത പദ്ധതിയുടെ ഭാഗത്ത് നിന്ന് എത്തുന്ന കുടിവെള്ള പൈപ്പ് ലൈനിലെ ടാപ്പിങ് പോയിന്റ് വലുതാക്കാനും ജലവിതരണത്തിന് തടസ്സമാകുന്ന മറ്റ് പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കണ്ടെത്തുന്ന പ്രശ്നങ്ങളിൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് രണ്ട് ദിവസത്തിനകം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

നിലവിൽ രണ്ട് ഇഞ്ച് വീതിയുള്ള പൈപ്പ് ലൈനുകൾ നാല് ഇഞ്ചായി വർധിപ്പിക്കാൻ വാട്ടർ അതോറിറ്റി എം.ഡിയുമായി നടത്തിയ യോഗത്തിൽ തീരുമാനമായതായി എം.എൽ.എ. ടി.ജെ. വിനോദ് അറിയിച്ചു. ഇതിലൂടെ മേഖലയിലെ കുടിവെള്ള വിതരണം കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്നാണ് പ്രതീക്ഷ.
കൊച്ചി കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പൈപ്പ് ലൈനുകളിലുള്ള പ്രശ്നങ്ങളും കണ്ടെത്തി അടിയന്തരമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ്. ആണ് യോഗത്തിലെ തീരുമാനങ്ങൾ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.