You are currently viewing 18 അധ്യാപക തസ്തികകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടും

18 അധ്യാപക തസ്തികകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടും

തിരുവനന്തപുരം: കേരളത്തിലെ 18 അധ്യാപക തസ്തികകളിലെ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.

പ്രൈമറി സ്കൂൾ ടീച്ചർ മുതൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (HSST) വരെയുള്ള 18 തസ്തികകളിലെ റാങ്ക് ലിസ്റ്റുകൾക്കാണ് തീരുമാനം ബാധകമാകുക. 2026 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് ആറുമാസത്തേക്ക് കൂടി നീട്ടുക.

ഇതിനായുള്ള ഔദ്യോഗിക ശുപാർശ സംസ്ഥാന സർക്കാർ പി.എസ്.സിക്ക് കൈമാറും. തുടർന്ന് പി.എസ്.സി നടപടികൾ സ്വീകരിക്കും.

സെൻസസ് ഡ്യൂട്ടി, ബൂത്ത് ലെവൽ ഓഫീസർ (BLO) ചുമതലകൾ തുടങ്ങിയവ കാരണം ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി അധ്യാപക ഒഴിവുകൾ കണ്ടെത്താൻ സാധിക്കാതിരുന്നതാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

അന്തർജില്ലാ സ്ഥലംമാറ്റ നടപടികളും സ്റ്റാഫ് ഫിക്സേഷനും വൈകിയതോടെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലും വലിയ കാലതാമസമുണ്ടായി. ഇതുമൂലം നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമനാവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് കാലാവധി നീട്ടാൻ തീരുമാനിച്ചത്.

സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്ത ഉദ്യോഗാർത്ഥികൾക്ക് തീരുമാനം ആശ്വാസമാകും.

Leave a Reply