You are currently viewing പത്തനാപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് തൂങ്ങിമരിച്ചു

പത്തനാപുരത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് തൂങ്ങിമരിച്ചു

കൊല്ലം: പത്തനാപുരം പട്ടാഴി പന്തപ്ലാവിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പന്തപ്ലാവ് ക്രിസ്റ്റി ഭവനിൽ ബിനു തോമസ് (48) ആണ് ഭാര്യ ക്രിസ്റ്റിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.

കുറച്ചുനാളുകളായി കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും അകന്നുകഴിയുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ വെച്ച് ഇരുവരെയും പങ്കെടുപ്പിച്ച് മധ്യസ്ഥ ചർച്ചയും നടന്നിരുന്നു.

വീട്ടിൽനിന്ന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുക്കുന്നതിനായി ക്രിസ്റ്റി എത്തിയപ്പോഴാണ് സംഭവം. ഇതിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ ബിനു ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.

മകളുടെ കൺമുന്നിലായിരുന്നു ആക്രമണം നടന്നത്. ഭയന്നുപോയ പെൺകുട്ടി വീട്ടിൽനിന്ന് ഓടിപ്പോയി അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി.

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കുന്നിക്കോട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply