
കൊല്ലം: കേരളത്തിന്റെ ഭാവിയിൽ നീല സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സഹകരണ മേഖലയ്ക്ക് കഴിയണമെന്നും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. കൊല്ലം കുണ്ടറയിൽ ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തരം തന്നെ രാജ്യത്ത് പ്രത്യേക സഹകരണ മന്ത്രാലയം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം കേന്ദ്രത്തിൽ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഇത് കർഷകർക്ക് ഏറെ പ്രയോജനകരമായെന്നും അമിത് ഷാ പറഞ്ഞു.

സ്ത്രീ സംരംഭകർക്ക് വിപണിയുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള മികച്ച വേദിയായി ‘വനിതം – ഷീ മാർട്ട്’ മാറുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ രാജ്യത്തുടനീളം 25,000-ത്തിലധികം ചില്ലറ വിൽപ്പനശാലകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളും സംരംഭങ്ങളും കേരളത്തിലും നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
സ്ത്രീകളുടെ സഹകരണ മേഖലയിലെ പങ്കാളിത്തവും ശാക്തീകരണവും ലക്ഷ്യമിട്ട് നിരവധി പദ്ധതികൾക്കാണ് കുണ്ടറയിൽ തുടക്കമായത്. സ്ത്രീകൾ നേതൃത്വം നൽകുന്ന സഹകരണ വിപണന സംരംഭമായ ‘വനിതം – ഷീ മാർട്ട്’ എന്നതിന്റെ ചിഹ്നം അമിത് ഷാ പ്രകാശനം ചെയ്തു. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ വിപണിയിലെത്തിക്കുന്ന പുതിയ ‘ജന’ ബ്രാൻഡ് ഉൽപ്പന്നങ്ങളും അദ്ദേഹം പുറത്തിറക്കി.
സബ്സിഡി നിരക്കിൽ ഗുണനിലവാരമുള്ള ഭാരത് ആട്ടയും ഭാരത് അരിയും വിൽപ്പന നടത്തുന്നതിനുള്ള വാണിജ്യ വിതരണത്തിനും തുടക്കമായി. അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണത്തിന്റെ ഭാഗമായി വനിതാ കർഷകർക്ക് സൗജന്യ ചെറുകിട വിത്ത് കിറ്റുകളും വിതരണം ചെയ്തു. സബ്സിഡി നിരക്കിലുള്ള ഉള്ളിയുടെ വിൽപ്പനയ്ക്കും ചടങ്ങിൽ തുടക്കമായി.
സഹകരണ മേഖലയിലെ വിവിധ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിരുന്ന സ്റ്റാളുകളും അമിത് ഷാ സന്ദർശിച്ചു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ എം. ലിജു, പി. സി. വിഷ്ണുനാഥ്, എൻ. കെ. പ്രേമചന്ദ്രൻ എം.പി., ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.