You are currently viewing കൊല്ലം മൺറോതുരുത്തിൽ ബോട്ട് അപകടം; വിനോദസഞ്ചാരികൾ സുരക്ഷിതർ

കൊല്ലം മൺറോതുരുത്തിൽ ബോട്ട് അപകടം; വിനോദസഞ്ചാരികൾ സുരക്ഷിതർ

മൺറോതുരുത്ത്യിൽ ഉണ്ടായ ബോട്ട് അപകടത്തിൽ യാത്രക്കാരായ വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരായി കരയ്ക്കെത്തിച്ചു. കനത്ത മഴയും ശക്തമായ കാറ്റും മൂലം ഭാഗികമായി മുങ്ങിയ ബോട്ടിൽ ഉണ്ടായിരുന്ന ഇരുപതിലധികം പേരെയാണ് നാട്ടുകാരുടെയും വള്ളക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. ചില റിപ്പോർട്ടുകൾ പ്രകാരം ബോട്ടിലുണ്ടായിരുന്നത് പത്തോളം പേരാണെന്നും വ്യക്തമാക്കുന്നു.

വൈകിട്ട് 4.30 ഓടെ പുത്തനാറിൽ നിന്ന് അഷ്ടമുടിക്കായലിലേക്ക് പോകുന്നതിനിടെ കക്കാട്ട് കടവിന് സമീപമാണ് അപകടമുണ്ടായത്. ശക്തമായ മഴയും കാറ്റും കാരണം ബോട്ടിന്റെ താഴ്ഭാഗത്തിലൂടെ വെള്ളം അകത്തേക്ക് കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഭാഗികമായി മുങ്ങുകയായിരുന്നു.

ബോട്ട് താഴുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേർന്ന് അതിവേഗത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് കിഴക്കേ കല്ലട പൊലീസും കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസും കുണ്ടറ അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അപകടത്തിൽ ആർക്കും പരിക്കുകളില്ലെന്നാണ് അധികൃതർ അറിയിച്ചത്. സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply