You are currently viewing വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രികയായ വീട്ടമ്മ കൊല്ലപ്പെട്ടു

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; സ്കൂട്ടർ യാത്രികയായ വീട്ടമ്മ കൊല്ലപ്പെട്ടു

വയനാട് ജില്ലയിലെ മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. മേപ്പാടി–ചൂരൽമല റോഡിലെ കള്ളാടി ചൂണ്ടി എന്ന സ്ഥലത്ത് മേയ് 26 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

പുത്തുമല സ്വദേശിനി ജെസ്സി (46) ആണ് ആക്രമണത്തിൽ മരിച്ചത്. ജെസ്സിക്കൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന ഭർത്താവ് ഷാജിക്കും പരിക്കേറ്റു. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ ഷാജിയെ മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും രാവിലെ സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയർന്നത്. മേഖലയിലുടനീളം നിരന്തരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്നും വനംവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസിന് മുന്നിലും മേപ്പാടി ടൗണിലും പ്രതിഷേധ പ്രകടനം നടത്തി.

ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് തുരത്തുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

മരണപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ ഉടൻ കൈമാറുമെന്നും ആശ്രിതരിൽ ഒരാൾക്ക് താൽക്കാലിക ജോലി നൽകുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഫെൻസിങ് സംവിധാനങ്ങളും ശക്തമാക്കുന്നതിനായി മേയ് 30-ന് വയനാട്ടിൽ വനം-കൃഷി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply