You are currently viewing സ്റ്റാറ്റിൻ മരുന്നുകളുടെ പേശിവേദനയ്ക്ക് പുതിയ വിശദീകരണം; പ്രത്യാശ നൽകുന്ന കണ്ടെത്തലുമായി പഠനം

സ്റ്റാറ്റിൻ മരുന്നുകളുടെ പേശിവേദനയ്ക്ക് പുതിയ വിശദീകരണം; പ്രത്യാശ നൽകുന്ന കണ്ടെത്തലുമായി പഠനം

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ (Statin) മരുന്നുകൾ ചിലരിൽ ഉണ്ടാക്കുന്ന പേശിവേദനയുടെയും പേശിക്ഷതത്തിന്റെയും കാരണം സംബന്ധിച്ച് നിർണായക കണ്ടെത്തലുമായി പുതിയ പഠനം. കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം സയൻസ് അഡ്വാൻസ് ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനമനുസരിച്ച്, സ്റ്റാറ്റിൻ മരുന്നുകളുടെ കൊളസ്ട്രോൾ കുറയ്ക്കുന്ന പ്രധാന പ്രവർത്തനമല്ല പേശിവേദനയ്ക്ക് കാരണം. പകരം, പേശികളിലെ ഊർജോൽപാദനത്തിൽ ഉണ്ടാകുന്ന തകരാറിനെ തുടർന്ന് എൻഎൽആർപി3 എന്ന പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം സജീവമാകുന്നതാണ് പേശികളിൽ വീക്കത്തിനും വേദനയ്ക്കും കാരണമാകുന്നതെന്ന് ഗവേഷകർ കണ്ടെത്തി.

മനുഷ്യരുടെ പേശികോശങ്ങളിലും എലികളിലും നടത്തിയ പരീക്ഷണങ്ങളിൽ, സ്റ്റാറ്റിനുകൾ പ്രോട്ടീൻ പ്രെനൈലേഷൻ (Protein Prenylation), യാപ് (YAP) പ്രവർത്തനം എന്നിവ കുറയ്ക്കുന്നതിലൂടെ കോശങ്ങളിൽ മെറ്റബോളിക് സമ്മർദ്ദം വർധിക്കുകയും അതുവഴി പ്രതിരോധപ്രവർത്തനം സജീവമായി പേശിക്ഷതം ഉണ്ടാകുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി. ഈ പ്രതിരോധപാതയെ തടഞ്ഞപ്പോൾ പേശിക്ഷതം ഗണ്യമായി കുറയ്ക്കാനായതായും പഠനം വ്യക്തമാക്കുന്നു.

സ്റ്റാറ്റിൻ ഉപയോഗിക്കുന്നവരിൽ ഏകദേശം 7 മുതൽ 29 ശതമാനം വരെ പേർക്ക് പേശിവേദനയോ പേശിസംബന്ധമായ മറ്റ് പ്രശ്നങ്ങളോ അനുഭവപ്പെടുന്നതായി മുൻ പഠനങ്ങൾ സൂചിപ്പിക്കുന്നു. പുതിയ കണ്ടെത്തൽ ഈ പാർശ്വഫലങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ചികിത്സാരീതികൾ വികസിപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

അതേസമയം, ഈ കണ്ടെത്തലുകൾ നിലവിൽ ലബോറട്ടറിയിലെയും മൃഗപരീക്ഷണങ്ങളിലെയും ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മനുഷ്യരിൽ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സയായി ഇത് മാറാൻ കൂടുതൽ ക്ലിനിക്കൽ പഠനങ്ങൾ അനിവാര്യമാണെന്ന് ഗവേഷകർ വ്യക്തമാക്കി.

ഹൃദ്രോഗ പ്രതിരോധത്തിൽ സ്റ്റാറ്റിനുകളുടെ ഗുണങ്ങൾ നിലനിർത്തിക്കൊണ്ട് പാർശ്വഫലങ്ങൾ കുറയ്ക്കാൻ കഴിയുന്ന പുതിയ സമീപനങ്ങൾക്ക് ഈ പഠനം ഭാവിയിൽ വഴികാട്ടിയാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply