
പത്തനംതിട്ട: കോഴഞ്ചേരിയിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ദാരുണ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കോഴഞ്ചേരിയിൽ ആധാരം എഴുത്ത് ഓഫീസ് നടത്തുന്ന പുന്നക്കാട് സ്വദേശിയായ തോമസ് എബ്രഹാം (57) ആണ് മരിച്ചത്.
കോഴഞ്ചേരി മുളമുട്ടിലുള്ള കണ്ണാശുപത്രിക്ക് മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തോമസ് എബ്രഹാം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് സമീപം എത്തിയപ്പോഴാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവർ അപ്രതീക്ഷിതമായി ഡോർ തുറന്നതിനെ തുടർന്ന് സ്കൂട്ടർ കാറിന്റെ ഡോറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം.
അതിനിടെ അതുവഴി എത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിലേക്ക് വീണ തോമസ് എബ്രഹാമിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരിച്ച തോമസ് എബ്രഹാമിന്റെ ഭാര്യ ഷൈനി തോമസ്, കാഞ്ഞീറ്റുകരയിൽ ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറാണ്. മക്കൾ: ഡോ. ഷാരോൺ എൽസ തോമസ്, അലീന അന്ന തോമസ്.