You are currently viewing മറൈൻ ആംബുലൻസും കൂടുതൽ ലൈഫ് ജാക്കറ്റുകളും; തീരമേഖലയിൽ സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കും

മറൈൻ ആംബുലൻസും കൂടുതൽ ലൈഫ് ജാക്കറ്റുകളും; തീരമേഖലയിൽ സുരക്ഷാ ഒരുക്കങ്ങൾ ശക്തമാക്കും

ജില്ലയിൽ തുടരുന്ന ശക്തമായ മഴയും പ്രക്ഷുബ്ധമായ കടൽ സാഹചര്യവും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ദുരന്തപ്രതിരോധ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ് അറിയിച്ചു. തീരപ്രദേശങ്ങളിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി കലക്ടറുടെ ചേംബറിൽ ചേർന്ന പ്രത്യേക യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ടാണ് കലക്ടർ വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

ദുരന്തപ്രതിരോധ പ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി താഴെത്തട്ടിലേക്ക് വ്യാപിക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് കലക്ടർ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടനകൾക്ക് സബ്സിഡി നിരക്കിൽ കൂടുതൽ ലൈഫ് ജാക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (CSR) ഫണ്ട് പ്രയോജനപ്പെടുത്താനും പദ്ധതിയുണ്ട്. കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ലൈഫ് ജാക്കറ്റുകൾ നിർബന്ധമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.

മത്സ്യബന്ധനയാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്നും നിലവിലുള്ള രജിസ്ട്രേഷൻ അപേക്ഷകൾ അതിവേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി. ജില്ലയിലെ വാട്ടർ ആംബുലൻസുകളും സർക്കാർ രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയ ബോട്ടുകളും പരിശോധിച്ച് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കും. മത്സ്യബന്ധന ഹാർബറുകളുടെ വികസന പ്രവർത്തനങ്ങളും വേഗത്തിലാക്കും.

മറൈൻ ആംബുലൻസ് സേവനം ലഭ്യമാക്കുന്നതിനും മുങ്ങൽവിദഗ്ധരുടെ സേവനം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ അറിയിച്ചു. ഇൻഷുറൻസ് പദ്ധതികൾ, ക്ഷേമനിധി ബോർഡ് അംഗത്വം പുതുക്കൽ തുടങ്ങിയ വിഷയങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണം നൽകുന്നതിനും തീരുമാനമായി.

സർക്കാർ നൽകുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിച്ച് മാത്രമേ മത്സ്യബന്ധനത്തിന് പോകാവൂവെന്ന് ജില്ലാ കലക്ടർ മത്സ്യത്തൊഴിലാളികളോട് അഭ്യർഥിച്ചു.

യോഗത്തിൽ ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, എ.ഡി.എം എസ്. സജീദ്, സബ് കലക്ടർ അഖിൽ വി. മേനോൻ, വിവിധ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply