
ശാസ്താംകോട്ട: ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള പൊതു റോഡുകളിലും പൊതു സ്ഥലങ്ങളിലും അനധികൃതമായി ബോർഡുകൾ, ബാനറുകൾ, ഫ്ലക്സുകൾ, തോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് അറിയിച്ചു.

സ്ഥാപിച്ച ബോർഡുകൾ, ബാനറുകൾ, കൊടികൾ, തോരണങ്ങൾ, ഫ്ലക്സുകൾ എന്നിവ മാറ്റിയില്ലെങ്കിൽ 5,000 രൂപ വരെ പിഴ ചുമത്തുമെന്ന് പഞ്ചായത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് പിഴ ഈടാക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു.

സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ ഉടമകൾ തന്നെ സ്വമേധയാ എടുത്തുമാറ്റേണ്ടതാണെന്ന് പഞ്ചായത്ത് നിർദേശിച്ചു. അറിയിപ്പ് ലംഘിക്കപ്പെടുന്ന പക്ഷം, ബോർഡുകൾ എടുത്തുമാറ്റുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും പഞ്ചായത്ത് വ്യക്തമാക്കി. പിഴ അടച്ചാൽ കേസ് ഒഴിവാക്കാവുന്നതാണെന്നും അറിയിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
“നമ്മുടെ ഗ്രാമം, നമ്മുടെ ഉത്തരവാദിത്വം” എന്ന സന്ദേശത്തോടെയാണ് പഞ്ചായത്ത് അധികൃതർ ഈ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ (എൽ.എസ്.ജി.ഡി) മാർഗനിർദേശങ്ങൾക്ക് അനുസൃതമായാണ് നടപടി സ്വീകരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.