You are currently viewing മൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ

മൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ

തിരുവനന്തപുരം: നഗരത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയത്തിന് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറി കെ എസ് ശബരിനാഥൻ രംഗത്ത്. സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിർദേശങ്ങൾ അവതരിപ്പിച്ചത്.

നഗരം വളർന്നതോടെ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന മൃഗശാലയെ നിലവിലെ സ്ഥലത്തുനിന്ന് മാറ്റണമെന്നും, എന്നാൽ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളിലൊന്നായ നേപ്പിയർ മ്യൂസിയം അതേ സ്ഥാനത്ത് നിലനിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആന പരിപാലനകേന്ദ്രവും ലയൺ സഫാരി പാർക്കും ഡിയർ പാർക്കും സ്ഥിതിചെയ്യുന്ന കോട്ടൂർ അഗസ്ത്യവനമേഖലയിലോ, തിരുവനന്തപുരം-പൊന്മുടി റൂട്ടിൽ വിതുരയിലോ കല്ലാറിലോ മൃഗശാല മാറ്റിസ്ഥാപിക്കാമെന്നാണ് നിർദേശം. ഇത് ഈ പ്രദേശങ്ങളിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുമെന്നും, മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയോട് ചേർന്ന് കൂടുതൽ വിസ്തൃതിയിൽ ജീവിക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൃഗശാല മാറുമ്പോൾ ആ സ്ഥലത്ത് വൻകിട കെട്ടിടങ്ങളോ പാർപ്പിട സമുച്ചയങ്ങളോ നിർമിക്കരുതെന്നും, പകരം ന്യൂയോർക്കിലെ സെൻട്രൽ പാർക്കിനോടും ലണ്ടനിലെ ഹൈഡ് പാർക്കിനോടും സമാനമായി പൊതുജനങ്ങൾക്കായുള്ള ഹരിത ഇടമായി (open space) നിലനിർത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സൈക്ലിങ് ട്രാക്ക്, വാക്ക്‌വേ, കുട്ടികൾക്കുള്ള കളിയിടങ്ങൾ, ചെറിയ ജലാശയങ്ങൾ, ലാൻഡ്‌സ്‌കേപ്പിങ് എന്നിവയോടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വിശ്രമിക്കാനും ഒത്തുകൂടാനും ഇടം ഒരുക്കണമെന്നും കുറിപ്പിൽ പറയുന്നു.

സർക്കാർ ചർച്ചകളിലൂടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, വിഷയത്തിൽ കൂടുതൽ അഭിപ്രായങ്ങളും ചർച്ചകളും സ്വാഗതം ചെയ്യുന്നതായും ശബരിനാഥൻ കൂട്ടിച്ചേർത്തു.

Leave a Reply