You are currently viewing കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടും; റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം, സമയക്രമം പ്രഖ്യാപിച്ചു

കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടും; റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം, സമയക്രമം പ്രഖ്യാപിച്ചു

കൊല്ലം: കൊല്ലം–എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിന് ആശ്വാസമായി കൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിന് റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം. പുതിയ സർവീസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലിൽ ഒപ്പുവെച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ സമയക്രമമനുസരിച്ച് കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1.40നായിരിക്കും ട്രെയിൻ പുറപ്പെടുക. എറണാകുളത്തുനിന്ന് വൈകുന്നേരം 5.25ന് മടക്കയാത്ര ആരംഭിക്കും. തൃപ്പൂണിത്തുറ, കാഞ്ഞിരമറ്റം, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പന്തറ, ഏറ്റുമാനൂർ, കോട്ടയം, ചിങ്ങവനം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മൺട്രോത്തുരുത്ത്, പെരിനാട് എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ.

വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസ്സിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ തിരക്കും യാത്രക്കാരുടെ ദുരിതവും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അധിക ട്രെയിൻ സർവീസിനായി റെയിൽവേ മന്ത്രാലയത്തെ സമീപിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഉൾപ്പെടെ ട്രെയിനിൽ ഇരിക്കാനോ സുരക്ഷിതമായി നിൽക്കാനോ പോലും കഴിയാത്ത സാഹചര്യം ചിത്രങ്ങളും വീഡിയോകളും സഹിതം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

വേണാട് എക്സ്പ്രസ്സിന് മുമ്പായി വൈകുന്നേരം ഒരു അധിക ട്രെയിൻ അനുവദിക്കണമെന്നും നിലവിലുള്ള കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടണമെന്നുമായിരുന്നു പ്രധാന ആവശ്യങ്ങൾ. തുടർന്ന് റെയിൽവേ മന്ത്രിയുടെ ഓഫീസിൽനിന്ന് റെയിൽവേ ബോർഡിലേക്കും അവിടെനിന്ന് ദക്ഷിണ റെയിൽവേയിലേക്കും നിർദേശങ്ങൾ കൈമാറി. ഒക്ടോബർ മൂന്നിന് ഇതുസംബന്ധിച്ച് പ്രത്യേക കത്തും നൽകിയിരുന്നു. തുടർച്ചയായ ഇടപെടലുകളുടെയും ചർച്ചകളുടെയും ഫലമായാണ് അനുകൂല തീരുമാനമുണ്ടായതെന്നും എംപി വ്യക്തമാക്കി.

പുതിയ സർവീസ് യാഥാർഥ്യമാകുന്നതോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് പ്രയോജനപ്പെടും. പ്രത്യേകിച്ച് ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, മൺട്രോത്തുരുത്ത് മേഖലകളിലെ യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ലഭിക്കും.

കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ റെയിൽവേ യാത്രക്കാർക്ക് ലഭിക്കുന്ന സന്തോഷകരമായ സമ്മാനമാണിതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വിശേഷിപ്പിച്ചു. അനുകൂല തീരുമാനമെടുത്ത കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡിനും ദക്ഷിണ റെയിൽവേ അധികൃതർക്കും അദ്ദേഹം നന്ദി അറിയിച്ചു. ട്രെയിൻ ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത് സർവീസ് ആരംഭിക്കുന്നതുവരെ തുടർ ഇടപെടലുകൾ നടത്തുമെന്നും എംപി വ്യക്തമാക്കി.

Leave a Reply