You are currently viewing കൊട്ടാരക്കര ബൈപ്പാസ്: ഭൂമിയേറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ; പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് കെ.എൻ. ബാലഗോപാൽ

കൊട്ടാരക്കര ബൈപ്പാസ്: ഭൂമിയേറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ; പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്ന് കെ.എൻ. ബാലഗോപാൽ

കൊട്ടാരക്കര: കൊട്ടാരക്കര ബൈപ്പാസ് നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ അടിയന്തരമായി മുന്നോട്ടുകൊണ്ടുപോകണമെന്ന് കൊട്ടാരക്കര എംഎൽഎ കെ.എൻ. ബാലഗോപാൽ. ബൈപ്പാസ് പദ്ധതിയെക്കുറിച്ച് ആശങ്കകൾ ഉയരുന്ന സാഹചര്യത്തിൽ, നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി നവംബർ 23ന് പൊതുയോഗം വിളിച്ചുചേർത്തതായും അദ്ദേഹം അറിയിച്ചു.

എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കൊട്ടാരക്കര ബൈപ്പാസ് പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചതെന്ന് ബാലഗോപാൽ വ്യക്തമാക്കി. വിദഗ്ധസംഘം പരിശോധന നടത്തുകയും പദ്ധതിക്കാവശ്യമായ തുക കിഫ്ബി വഴി അനുവദിക്കുകയും ചെയ്തിരുന്നു. കൊട്ടാരക്കര, മൈലം വില്ലേജുകളിലെ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കൽ നടപടികളാണ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കാലതാമസമുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ട് വർഷമായി നടത്തിയ നിരന്തര ഇടപെടലുകളിലൂടെ ഇരു വില്ലേജുകളിലെയും ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട 6(1), 12(1) വിജ്ഞാപന നടപടികൾ പൂർത്തിയാക്കി. ഭൂവുടമകളുമായി ഹിയറിങ്ങും നടത്തി. മൈലം വില്ലേജിലെ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുക 2026 മാർച്ചിൽ കൊല്ലം ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.

ഏകദേശം 300 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൈപ്പാസ് പദ്ധതി കൊട്ടാരക്കരയുടെ ഭാവി വികസനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് രണ്ട് വർഷം പിന്നിടുന്ന ഘട്ടത്തിൽ, പദ്ധതിയെക്കുറിച്ച് ആശങ്കകൾ ഉയരുന്ന തരത്തിലുള്ള ചർച്ചകളും ഇടപെടലുകളും ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

നിയമസഭയിൽ ബൈപ്പാസ് വിഷയം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും ബാലഗോപാൽ വ്യക്തമാക്കി. പദ്ധതി അടിയന്തരമായി മുന്നോട്ടുകൊണ്ടുപോകാൻ നാടിന്റെ പൊതുഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന്റെ ഭാഗമായി നവംബർ 23 തിങ്കളാഴ്ച വൈകിട്ട് 4.30ന് കൊട്ടാരക്കര ബ്രദറൻ ഹാളിൽ പൊതുയോഗം ചേരും. ബൈപ്പാസ് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ ജനപ്രതിനിധികൾ, ബന്ധപ്പെട്ടവർ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്.

Leave a Reply