You are currently viewing അബാൻ മേൽപ്പാലം: ആറുമാസത്തിനകം പണി പൂർത്തിയാക്കണമെന്ന് മന്ത്രി; കരാറുകാരന് കർശന നിർദേശം

അബാൻ മേൽപ്പാലം: ആറുമാസത്തിനകം പണി പൂർത്തിയാക്കണമെന്ന് മന്ത്രി; കരാറുകാരന് കർശന നിർദേശം

പത്തനംതിട്ടയിലെ അബാൻ മേൽപ്പാലത്തിന്റെ നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് കരാറുകാരന് കർശന നിർദേശം നൽകിയതായി ആറന്മുള എംഎൽഎ അബിൻ വർക്കി അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ തന്റെ അഭ്യർത്ഥനപ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ മൂന്ന് തവണ യോഗം വിളിച്ചതായി എംഎൽഎ പറഞ്ഞു. കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാതിരുന്ന കരാറുകാരനോട് ഇത്തവണ നിർബന്ധമായും പങ്കെടുക്കണമെന്ന് മന്ത്രി നിർദേശം നൽകിയിരുന്നു. കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്ന് യോഗം ചേർന്നത്.

അബാൻ മേൽപ്പാലത്തിന്റെ നിർമാണം നിലവിൽ 40 ശതമാനം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. നിർമാണം പൂർത്തിയാക്കാൻ ഇനിയും ആറുമാസം വേണമെന്നാണ് കരാറുകാരൻ യോഗത്തിൽ അറിയിച്ചത്. കർശന വ്യവസ്ഥകളോടെ ഈ സമയപരിധി മന്ത്രി അംഗീകരിച്ചു. ആറുമാസത്തിനകം പണി പൂർത്തിയാക്കാമെന്ന ഉറപ്പ് മുദ്രപ്പത്രത്തിൽ എഴുതി നൽകണമെന്നും മന്ത്രി നിർദേശിച്ചു.

ഉറപ്പ് ലംഘിച്ചാൽ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി രാജ്യത്ത് മറ്റൊരിടത്തും പ്രവൃത്തി ഏറ്റെടുക്കാൻ കഴിയാത്ത വിധം നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയതായി എംഎൽഎ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി.

അബാൻ മേൽപ്പാലത്തിന്റെ നിർമാണം വൈകുന്നതാണ് പത്തനംതിട്ട ടൗണിലെ ഗതാഗതപ്രശ്നങ്ങൾക്കും ശോചനീയാവസ്ഥയ്ക്കും പ്രധാന കാരണങ്ങളിലൊന്നെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ട് വർഷമായി മേൽപ്പാല നിർമാണം ടൗണിനെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഭൂമി ഏറ്റെടുക്കൽ നടപടികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്ന പത്തനംതിട്ട ജില്ലാ കളക്ടർ എ. നൈസാമുദ്ദീനെ മന്ത്രി അഭിനന്ദിച്ചതായും അബിൻ വർക്കി പറഞ്ഞു.

മേൽപ്പാല നിർമാണം വേഗത്തിലാക്കുന്നതിനായി മന്ത്രി നടത്തുന്ന ഇടപെടലുകൾക്കും നിരന്തരമായ പിന്തുടർച്ചയ്ക്കും നന്ദി അറിയിക്കുന്നതായും എംഎൽഎ വ്യക്തമാക്കി.

Leave a Reply